ബി.ജെ.പി വെറുപ്പ് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം; ജ്യോതിരാദിത്യ സിന്ധ്യയെ തിരിഞ്ഞുകൊത്തി പഴയ ട്വീറ്റുകള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റുകളെ ട്രോളി സമൂഹമാധ്യമങ്ങള്‍. സിന്ധ്യ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് പഴയ ട്വീറ്റുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങായത്.

ഡല്‍ഹിയിലെ സംഘര്‍ഷ സമയത്ത് ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാരിനെയും സിന്ധ്യ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഫെബ്രുവരി 26ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ ബി.ജെ.പി നേതാക്കള്‍ വെറുപ്പ് പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാറും ഡല്‍ഹി സര്‍ക്കാറും പരാജയപ്പെട്ടെന്നും സിന്ധ്യ അഭിപ്രായപ്പെട്ടിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ വിലക്കുവാങ്ങി ബി.ജെ.പി ജനാധിപത്യ കൊല്ലുന്നുവെന്ന് അഭിപ്രായപ്പെട്ട സിന്ധ്യ 17 എം.എല്‍.എമാരുമായി അതേ കര്‍ണാടകയിലേക്ക് തന്നെ പറന്നതും രാഷ്ട്രീയ കേന്ദ്രങ്ങളെ ആശ്ചര്യപ്പെടുത്തി.

സിന്ധ്യ ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹം ശക്തമായതോടെ ഇതടക്കമുള്ള സിന്ധ്യയുടെ പല ട്വീറ്റുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. പാര്‍ലമെന്റിനകത്തും പുറത്തും രാഹുലിന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന സിന്ധ്യ നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും നിശിത വിമര്‍ശകനായിരുന്നു.

മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. 18 വര്‍ഷമായി കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുന്ന താന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റ് പദവികളില്‍ നിന്നും രാജിവെക്കുകയാണെന്ന് സിന്ധ്യ സോണിയാ ഗാന്ധിക്കയച്ച കത്തില്‍ പരാമര്‍ശിച്ചിരുന്നു.