ബി.ജെ.പിയില്‍ ചേര്‍ന്ന സൈന നെഹ്‌വാളിനെ പരിഹസിച്ച് ജ്വാല ഗുട്ട

ബിജെപിയില്‍ അംഗത്വമെടുത്ത ബാഡ്മിന്റണ്‍ താരം സെയ്‌ന നെഹ്‌വാളിനെ പരിഹസിച്ച് മറ്റൊരു ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. സെയ്‌നയുടെ പേരെടുത്ത് പറയാതെ ട്വിറ്ററിലൂടെയായിരുന്നു ജ്വാലയുടെ പരിഹാസം. ട്വീറ്റ് പുറത്തുവന്നതോടെ ജ്വാലക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

‘ഒരു കാരണവും കൂടാതെ കളിക്കാന്‍ തുടങ്ങുക. ശേഷം ഒരു കാരണവും കൂടാതെ ഒരു പാര്‍ട്ടിയില്‍ ചേരുക. ഇത് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്.’ ട്വിറ്ററില്‍ ജ്വാല കുറിച്ചു.

ട്വീറ്റില്‍ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവും തുടങ്ങിയതോടെ സെയ്‌നയെ അഭിനന്ദിച്ച് മറ്റൊരു ട്വീറ്റ് കൂടി ജ്വാല പോസ്റ്റ് ചെയ്തു.

‘പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ആശംസകള്‍. സ്ത്രീകള്‍ക്കു വേണ്ടിയും വനിതാ കായികലോകത്തിനു വേണ്ടിയും സെയ്‌ന നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. ബുദ്ധിമുട്ടാണെങ്കിലും ഒരു മാറ്റം കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ തന്റെ രണ്ടാമത്തെ ട്വീറ്റിലൂടെ ജ്വാല പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സെയ്‌ന ബിജെപിയില്‍ അംഗത്വം എടുത്തത്. ഡല്‍ഹി തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് സെയ്‌ന ബിജെപിയില്‍ ചേര്‍ന്നത്.