ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ യുവന്റസ് സെന്റര്‍ ബാക്ക് താരം ഡാനിയേല്‍ റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ ബാധിച്ച ആദ്യത്തെ അന്താരാഷ്ട്ര ക്ലബ് ഫുട്‌ബോള്‍ താരമാണ് ഡാനിയേല്‍ റുഗാനി. യുവന്റസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
കോവിഡ് ബാധിച്ചതോടെ റുഗാനിയുമായി സഹവസിച്ച സഹതാരങ്ങളെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ക്ലബിലെ മുന്‍നിര താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പൗളി ഡിബാല തുടങ്ങിയവരെല്ലാം 14 ദിവസത്തെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം വിജയാഘോഷവുമായി ബന്ധപ്പെട്ട് ടീമംഗങ്ങളെല്ലാം കൂട്ടമായി ചേര്‍ന്നു നിന്ന് ആഘോഷങ്ങള്‍ നടത്തിയിരുന്നു. കൊറോണ സ്ഥിരീകരിച്ച ഡാനിയേല്‍ റുഗാനിയും അക്കൂട്ടത്തിലുണ്ടായിരുന്നു.
എന്നാല്‍ മാര്‍ച്ച് 17ന് നേരത്തെ ഷെഡ്യൂള്‍ ചെയ്തത് പ്രകാരമുള്ള ഒളിമ്പിക് ലിയോണസിനെതിരായുള്ള മത്സരം നടത്തും. അടച്ചിട്ട സ്‌റ്റേഡിയത്തിലായിരിക്കും മത്സരം നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ രാജ്യാതിര്‍ത്തികള്‍ കടന്ന് പടര്‍ന്നു പിടിക്കുന്ന കൊറോണയെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. ഡബ്ലിയു.എച്ച്.ഒ അധ്യക്ഷന്‍ ടെഡ്രൈസ് അഥനോം ഗബ്രീസീയൂസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നിലവില്‍ വിവിധരാജ്യങ്ങളിലെ 1,22,289 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 4389 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എല്ലാരാജ്യങ്ങളും ഇപ്പോള്‍ തന്നെ കൊറോണ ഭീഷണി നേരിടുന്നുണ്ടെന്നും ഗബ്രീസീയൂസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മഹാമാരിയായി പ്രഖ്യാപിച്ചത്.