ജിയോ-ഫേസ്ബുക്ക് കരാറിനെതിരെ ജസ്റ്റിസ് ശ്രീകൃഷ്ണ; ‘ഈ രാജ്യത്ത് ഒരു നിയമമില്ലേ?’

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മൊബൈൽ-ഇന്റർനെറ്റ് സേവന ദാതാക്കളായ റിലയൻസ് ജിയോയും അമേരിക്കൻ ബഹുരാഷ്ട്ര സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്കും തമ്മിലുള്ള കരാറിനെതിരെ ജസ്റ്റിസ് ബി.എൻ ശ്രീകൃഷ്ണ. ജിയോ പ്ലാറ്റ്‌ഫോമുകളിൽ 5.7 ബില്യൺ ഡോളർ (43,000 കോടി രൂപ) നിക്ഷേപിച്ച് 9.99 ശതമാനം ഓഹരി സ്വന്തമാക്കുന്ന കരാർ നടപ്പിലാകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ഇന്ത്യയിൽ ഒരു നിയമമില്ലാത്തതിനാലാണ് ഇത്തരം കരാറുകൾ നടപ്പിലാകുന്നതെന്നും രാജ്യത്തെ സ്വകാര്യതാ വിവരങ്ങളുടെ നിർമാതാവ് എന്നറിയപ്പെടുന്ന ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു. ഫേസ്ബുക്കിന്റെയും റിലയൻസിന്റെയും ബിസിനസ് താൽപര്യം മാത്രം മുൻനിർത്തിയുള്ള തന്ത്രപ്രധാനമായ കരാറാണ് ഇതെന്നും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളെ ഇത് ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞകാലം കൊണ്ട് രാജ്യത്തെ മുൻനിര മൊബൈൽ-ഇന്റർനെറ്റ് നെറ്റ്‌വർക്ക് ആയിക്കഴിഞ്ഞ ജിയോ, കരാർ നടപ്പിലാകുന്നതോടെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഫേസ്ബുക്കിന് കൈമാറും എന്നാണ് സൂചന. വിവരങ്ങൾ ഒരു മൂന്നാം കക്ഷിക്ക് കൈമാറുകയില്ല എന്ന് ജിയോയുടെ നയത്തിൽ പറയുന്നുണ്ടെങ്കിലും ബിസിനസ് പങ്കാളിത്തം, ഏറ്റെടുക്കൽ തുടങ്ങിയ സന്ദർഭങ്ങളിൽ ഇതിന് മാറ്റമുണ്ടായേക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്. ഫേസ്ബുക്ക് ജിയോയിൽ നിക്ഷേപിക്കുന്നതോടെ ഈ സാഹചര്യമാണ് കൈവരുന്നത്. ജിയോ സേവന ഉപയോക്താക്കളുടെ പേര്, മൊബൈൽ നമ്പർ, അഡ്രസ്, ഫോട്ടോകൾ, പാൻകാർഡ്, ആധാർ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ തുടങ്ങിയ വിവരങ്ങളിലേക്ക് ഫേസ്ബുക്കിന് കൂടി പ്രവേശനം ലഭിക്കുകയാണ്.

‘വിവര നിയന്ത്രണം വലിയൊരു പ്രശ്‌നമാവുകയാണ്. കാരണം ഇവിടെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു റെഗുലേറ്റർ ഇല്ല. ഇത് സംബന്ധിച്ച നിയമം നിലവിൽ ഇല്ലാത്തതിനാലാണ് ഇത്.’

ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കമ്പനികൾ തമ്മിൽ കൈമാറാൻ അവസരമുണ്ടാകുന്നത് ഇന്ത്യയിൽ അത് തടയുന്നതിനുള്ള ഫലപ്രദമായ നിയമം ഇല്ലാത്തതിനാലാണെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ പറയുന്നു. ‘വിവര നിയന്ത്രണം വലിയൊരു പ്രശ്‌നമാവുകയാണ്. കാരണം ഇവിടെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു റെഗുലേറ്റർ ഇല്ല. ഇത് സംബന്ധിച്ച നിയമം നിലവിൽ ഇല്ലാത്തതിനാലാണ് ഇത്.’ – അദ്ദേഹം പറഞ്ഞു.

SHARE