അടുത്ത കാലത്തായി സുപ്രീംകോടതി അതിന്റെ ഭരണഘടനാപരമായ പങ്ക് വേണ്ടത്ര നിറവേറ്റുന്നില്ല;വിമര്‍ശനവുമായി ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍


സുപ്രിംകോടതിയുടെ അടുത്ത കാലത്തെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ സുപ്രിംകോടതി ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍. ഭരണഘടനാപരമായ ഉത്തരവാദിത്തം സുപ്രിംകോടതിക്ക് നിറവേറ്റാന്‍ സാധിക്കുന്നില്ലെന്നും ദ വയറിന് വേണ്ടി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് സുപ്രിംകോടതിക്കുണ്ട്. എന്നാലും അവര്‍ ആത്മപരിശോധന നടത്തണം. കോടതി നല്ല രീതിയില്‍ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് ലോക്കൂര്‍ പറയുന്നു. കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ താന്‍ നിരാശനാണെന്നും ലോക്കൂര്‍.

അന്യ സംസ്ഥാന തൊഴിലാളികളുടെ കാര്യം ഉദാഹരണമാക്കിയെടുത്ത അദ്ദേഹം ഇത്തരം പ്രശ്നങ്ങളില്‍ ഉചിതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നില്ല കോടതി ചെയ്യേണ്ടിയിരുന്നതെന്ന് വ്യക്തമാക്കി. അടിസ്ഥാനപരമായിട്ടുള്ള തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ അതിനായിരുന്നു വലിയ പ്രധാന്യം നല്‍കേണ്ടിയിരുന്നത്. ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് പറയുന്നതിന്റെ കൂടെ കോടതിക്കും ഉത്തരവാദിത്തങ്ങളുണ്ട്. ഹര്‍ജി തീര്‍പ്പാക്കാന്‍ മൂന്ന് ആഴ്ചയെടുത്തതിനെയും അദ്ദേഹം വിമര്‍ശനവിധേയമാക്കി. കൂടാതെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി മാറ്റിവച്ചതും ലോക്കൂര്‍ പരാമര്‍ശിച്ചു.

എന്നാല്‍ യാതൊരു അടിയന്തര പ്രധാന്യവുമില്ലായിരുന്ന അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പൗരത്വ നിയമ ഭേദഗതി, ജമ്മു കശ്മീര്‍ വിഷയം എന്നിവയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവച്ചത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ലോക്കൂര്‍.

SHARE