ജസ്റ്റിസ് ലോയ കേസ്: സുപ്രീം കോടതി വിധിയോടെ വിശ്വാസം നഷ്ടപ്പെട്ടെന്ന് ലോയയുടെ കുടുംബം

മുംബൈ: ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് ഇനി അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധിയില്‍ നിരാശരാണെന്ന് ലോയയുടെ കുടുംബം. കോടതി വിധി തങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണെന്നും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നുവെന്നും കുടുംബം വ്യക്തമാക്കി. ലോയയുടെ സഹോദരി അനുരാധ ബിയാനി, അമ്മാവന്‍ ശ്രീനിവാസ് ലോയ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ‘അസ്വാഭാവിക’ വിധിയില്‍ നിരാശ പരസ്യമായി പ്രകടിപ്പിച്ചത്.

സൊഹ്രാബുദ്ദീന്‍ വധക്കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധിപറയാന്‍ ജസ്റ്റിസ് ലോയക്ക് 100 കോയിട രൂപ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ സഹോദരി അനുരാധ ബിയാനി നിരാശയോടെയാണ് സുപ്രീം കോടതി വിധിയോട് പ്രതികരിച്ചത്. ‘ഞാന്‍ എന്തു പറയാനാണ്? ഞങ്ങള്‍ക്ക് ഇനി വിശ്വാസമില്ല. കഴിഞ്ഞ നാലു വര്‍ഷത്തോളമായി ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല.’ അവര്‍ പറഞ്ഞു. ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ സംബന്ധിച്ച് ‘ദ കാരവന്‍’ പ്രസിദ്ധീകരിച്ച ആദ്യ ലേഖനത്തിലെ പ്രധാന വെളിപ്പെടുത്തലുകള്‍ അനുരാധ ബിയാനിയുടേതായിരുന്നു.

ലോയയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ നീക്കുന്നതിനായി സ്വതന്ത്ര അന്വേഷണത്തിന് സുപ്രീം കോടതി ഉത്തവരിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ശ്രീനിവാസ് ലോയ പറഞ്ഞു. ‘ഒരു സ്വതന്ത്ര അന്വേഷണമുണ്ടായിരുന്നെങ്കില്‍ അതായിരുന്നു നല്ലത്. ഇനി ഇക്കാര്യത്തില്‍ ഒരാളില്‍ നിന്നും ഒരു പ്രതീക്ഷയുമില്ല. മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളുമൊന്നും ഈ വിഷയം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യത്ില്‍ എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷയില്ല’ – അദ്ദേഹം പറഞ്ഞു.