‘ഇത്രത്തോളം അധഃപതിച്ച ഒരു ജുഡീഷ്യറി വേറെ ഉണ്ടായിട്ടില്ല’; സുപ്രീംകോടതിക്കെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കമാല്‍പാഷ

കൊച്ചി: സുപ്രീംകോടതിക്കെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കമാല്‍പാഷ. ഇത്രത്തോളം അധഃപതിച്ച ഒരു ജുഡീഷ്യറി വേറെ ഉണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യം കത്തുമ്പോള്‍ സുപ്രിം കോടതി മൗനം പാലിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ നെട്ടൂര്‍ ജമാഅത്ത് മഹല്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രത്തോളം അധഃപതിച്ച ഒരു ജുഡീഷ്യറി വേറെ ഉണ്ടായിട്ടില്ല. രാജ്യം കത്തുമ്പോള്‍ സുപ്രിം കോടതി മൗനം പാലിക്കരുത്. കോടതിയില്‍നിന്ന് നീതി വൈകരുതെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായ്ക്കും മോദിക്കും വര്‍ഗീയ ധ്രുവീകരണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. ഭരണഘടന വായിച്ചു മനസ്സിലാക്കാന്‍ പോലും ബോധമില്ലാത്തവരാണു ബില്‍ ഉണ്ടാക്കുന്നത്. ഭാവിയില്‍ പൗരത്വം തെളിയിക്കാന്‍ അപ്പൂപ്പന്റെ ജാതകം ഹാജരാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം കനത്തതോടെ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിയന്ത്രണവുമായി സര്‍ക്കാര്‍. ഇന്നലെ കനത്ത പ്രക്ഷോഭം നടന്ന യുപിയില്‍ കൂടുതല്‍ ഇടങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്കി. മംഗളൂരുവില്‍ ഇന്നലെ നടന്ന പോലീസ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നേരിടുകതന്നെ ചെയ്യുമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ലക്‌നൗവിലെയും മറ്റും അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തി. അക്രമം നേരിടാന്‍ ശക്തമായ നടപടി വേണമെന്ന് സംസ്ഥാനങ്ങളോടു നിര്‍ദ്ദേശിച്ചതായി ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി പറഞ്ഞു. ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹിന്ദു, ഉര്‍ദു പത്രങ്ങളിലെ പരസ്യങ്ങളിലൂടെ വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

SHARE