ജോര്‍ജ് ഫ്‌ലോയിഡിന് നീതി തേടിയുള്ള ജനകീയ പ്രതിഷേധത്തിന് പിന്തുണയുമായി ടിഫാനി ട്രംപ്

വര്‍ണവെറിക്ക് ഇരയായി കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയിഡിന് നീതി തേടിയുള്ള ജനകീയ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇളയ മകള്‍ ടിഫാനി അരിയാന ട്രംപ്. ജോര്‍ജ് ഫ്‌ലോയിഡിന് നീതി തേടിയുള്ള സോഷ്യല്‍മീഡിയ ഹാഷ്ടാഗായ #blackoutTuesday #justiceforgeorgefloyd എന്നിവ ഉപയോഗിച്ച് ട്വിറ്ററിലും ഇന്‍സ്റ്റയിലുമായാണ് ടിഫാനി പിന്തുണ അറിയിച്ചത്.

ഒറ്റയ്ക്ക് നമുക്ക് വളരെ കുറച്ചുമാത്രമേ നേടിയെടുക്കാന്‍ പറ്റൂ, ഒരുമിച്ചാണെങ്കില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ നേടിയെടുക്കാം’ എന്ന ഹെലന്‍ കെല്ലറിന്റെ വാചകമാണ് ടിഫാനി ട്വീറ്റ് ചെയ്തത്. ഇന്‍സ്റ്റ്ഗ്രാമില്‍ ബ്ലാക്ക് സ്‌ക്രീനും ടിഫാനി പോസ്റ്റ് ചെയ്തു.

വാഷിങ്ണ്‍ ഡി.സിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായതിന് പിന്നാലെ ജൂണ്‍ രണ്ടിനായിരുന്നു ടിഫാനിയുടെ പ്രതികരണം. അതേസമയം, ജോര്‍ജ് ഫ്‌ലോയിഡിന് നീതി തേടിയുള്ള പ്രതിഷേധം ശ്ക്തമായതോടെ ടീം ട്രംപും ടിഫാനിയുടെ അമ്മയും ട്രംപിന്റെ മുന്‍ ഭാര്യയുമായ മാര്‍ല മെപ്പിള്‍സും പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന ട്രംപിനെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കണമെന്ന് ആവശ്യപ്പെടുന്ന നിരവധി കമന്റുകളാണ് ടിഫാനിയുടെ പോസ്റ്റിന് താഴെ വരുന്നത്.

അതേസമയം, മിനസോട്ടയിലെ മിനിയാപൊളിസില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ 46 കാരനായ ജോര്‍ജ്ജ് ഫ്‌ലോയിഡിനെ കൊലപ്പെടുത്തിയതിന് ശേഷം നടന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച രംഗത്തെത്തുന്ന ട്രംപ് കുടുംബത്തിലെ ആദ്യത്തെ വ്യക്തിയാണ് ടിഫാനി. യുഎസിലെ നിരവധി നഗരങ്ങളെ പിടിച്ചുകുലുക്കിയ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നിട്ടും, ആയിരക്കണക്കിന് അറസ്റ്റുകള്‍ക്കും കാരണമായിട്ടും ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാങ്ക ട്രംപ് എന്നിവരൊന്നും ഒരു വാക്കുപോലും പ്രതികരിച്ചിരുന്നില്ല.