സര്‍ക്കാറിനേയും സൈന്യത്തേയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല: ജസ്റ്റിസ് ദീപക് ഗുപ്ത

ന്യൂഡല്‍ഹി: സര്‍ക്കാറിനേയും സൈന്യത്തേയും ജുഡീഷ്യറിയേയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപക് മിശ്ര. സര്‍ക്കാര്‍ സംവിധാനങ്ങളെ വിമര്‍ശിക്കുന്നതിനെ അടിച്ചമര്‍ത്തുക എന്നാല്‍ ജനാധിപത്യത്തിനു പകരം പൊലീസ് ഭരണം തെരഞ്ഞെടുക്കുന്നു എന്നാണ് അര്‍ത്ഥമെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. അഹമ്മദാബാദ് കേന്ദ്രമായ ചാരിറ്റബിള്‍ ട്രസ്റ്റ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച അഭിഭാഷക വര്‍ക്‌ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യദ്രോഹവും അഭിപ്രായ സ്വാതന്ത്ര്യവും എന്ന വിഷയത്തിലാണ് ജസ്റ്റിസ് ഗുപ്ത ചടങ്ങില്‍ സംസാരിച്ചത്. താന്‍ അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ തന്റെ വ്യക്തിപരമാണെന്നും സുപ്രീംകോടതി ജഡ്ജി എന്ന നിലയിലുള്ള ഔദ്യോഗിക കാഴ്ചപ്പാടല്ലെന്നും പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ഗുപ്ത സംസാരം തുടങ്ങിയത്. എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, ബ്യൂറോക്രസി, സായുധസേന എന്നിവയെയൊന്നും വിമര്‍ശിക്കുന്നതിനെ രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പാടില്ല. അത്തരം വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നു എന്നതിനര്‍ത്ഥം ജനാധിപത്യത്തിനു പകരം നാം പൊലീസ് ഭരണം തെരഞ്ഞെടുക്കുന്നു എന്നാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നത് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം കൂടിയാണ്. പരമ്പരാഗത മാനദണ്ഡങ്ങളില്‍നിന്നുകൊണ്ടു മാത്രം ഇത്തരം അവകാശങ്ങളെ അളക്കാനാവില്ല. പുതിയ ചിന്തകര്‍ വരുമ്പോള്‍ നിലവില്‍ സമൂഹം കല്‍പ്പിച്ചുനല്‍കിയിട്ടുള്ള മുഴുവന്‍ ചട്ടങ്ങളോടും അവര്‍ വിയോജിച്ചേക്കാം. മുന്‍ഗാമികള്‍ നടന്ന വഴിയേ തന്നെ എല്ലാവരും നടന്നാല്‍ പുതിയ വഴികള്‍ സൃഷ്ടിക്കപ്പെടില്ല. മനസ്സുകളില്‍ പുതിയ ചിന്തകള്‍ക്ക് ഇടം ലഭിക്കുകയുമില്ല. എങ്ങനെ, എന്തുകൊണ്ട് എന്ന ചോദ്യം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കണമെന്ന് സദസ്സിനോട് അഭ്യര്‍ത്ഥിച്ച ജസ്റ്റിസ് ഗുപ്ത, എങ്കില്‍ മാത്രമേ സമൂഹത്തില്‍ വികാസം സാധ്യമാവൂവെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ പോലുള്ള മതേതര രാജ്യത്ത് എല്ലാറ്റിനും അതീതമായ അഭിപ്രായ സ്വാതന്ത്ര്യങ്ങളുണ്ട്. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനോട് ജസ്റ്റിസ് എച്ച്.ആര്‍ ഖന്ന പ്രകടിപ്പിച്ച വിയോജിപ്പ് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഗുപ്ത, ആളുകളെ പിടികൂടി ജയിലില്‍ അടക്കാനുള്ള അനിയന്ത്രിതമായ അധികാരവിനിയോഗത്തെ ഒരൊറ്റ ജഡ്ജ് മാത്രമാണെങ്കില്‍പോലും എതിര്‍ത്തു എന്നതിനെ ഗൗരവ ത്തോടെ കണക്കിലെടുക്കണമെന്നും പറഞ്ഞു. അധികാരത്തിലിരിക്കുന്ന സര്‍ക്കാറുകളെ വിമര്‍ശിക്കാനുള്ള അധികാരം നമുക്കുണ്ട്. ഏത് സര്‍ക്കാര്‍ ആയാലും. രാജ്യദ്രോഹക്കുറ്റത്തിന്റെ ദുരുപയോഗം നമ്മുടെ സ്വാതന്ത്ര്യസമര പോരാളികളുടെ അടിസ്ഥാന മൂല്യങ്ങളോട് പുലര്‍ത്തുന്ന ശത്രുതയാണ്. ജുഡീഷ്യറി പോലും വിമര്‍ശനത്തിന് അതീതമല്ല. ഇക്കാര്യം പുനഃപരിശോധിക്കപ്പെടേണ്ടതാണ്- ജസ്റ്റിസ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് പതിവായ പശ്ചാത്തലത്തില്‍ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ജസ്റ്റിസ് ഗുപ്തയുടെ വാക്കുകള്‍. വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്‌തെന്നാരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഷഹല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ വാര്‍ത്ത അന്തരീക്ഷത്തില്‍ നിറയുമ്പോഴാണ് പരമോന്നത നീതിപീഠത്തിലെ ന്യായാധിപിന്റെ വാക്കുകള്‍.