ഡല്‍ഹി ഇരകളുടെ പുനരധിവാസം അത്യാവശ്യമെന്ന് ജസ്റ്റിസ് പട്‌നായിക്

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സി.എ.എയെ അനുകൂലികള്‍ ആസൂത്രിതമായി നടപ്പിലാക്കിയ കലാപത്തില്‍ സര്‍വസ്വവും നഷ്ടപ്പെട്ട കലാപ ഇരകളുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ പട്‌നായിക്. ആറാം തീയതി രാത്രി മുന്‍ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് വിക്യംജിത് സെന്‍ എന്നിവരോടൊപ്പം ശിവ് വിഹാറിലെ ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ ശേഷം ദി ക്വിന്റുമായി സംസാരിക്കവെയാണ് എ.കെ പട്‌നായിക് ഇക്കാര്യം ആവശ്യപ്പെട്ടത്.

മുസ്തഫാബാദിലെ ഈദ്ഗാഹില്‍ താല്‍ക്കാലികമായി തയാറാക്കിയ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന നിരാലംബരേയും മൂന്ന് മുന്‍ ജഡ്ജിമാരും സന്ദര്‍ശിച്ചിരുന്നു. എങ്ങിനെ കലാപമുണ്ടായി എന്നതിന്റെ നേരിട്ടുള്ള വിവരങ്ങള്‍ ആരായാനും ഇനി കലാപ ഇരകള്‍ക്ക് എന്ത് വേണമെന്ന് മനസിലാക്കാനുമാണ് മൂവര്‍ സംഘം ദുരിതാശ്വാസ ക്യാമ്പുകളിലെ അന്തേവാസികളെ സന്ദര്‍ശിച്ചത്. ടെലിവിഷനില്‍ നിരവധി ചര്‍ച്ചകള്‍ കണ്ടിട്ടുണ്ടെങ്കിലും അതൊന്നും തന്നെ കലാപത്തിന്റെ യഥാര്‍ത്ഥ ചിത്രം നല്‍കാത്തതിനാലും പാര്‍ലമെന്റില്‍ വേണ്ട രീതിയില്‍ ചര്‍ച്ചകള്‍ നടക്കാത്തതിനാലും മുന്‍ ജഡ്ജിമാര്‍ എന്ന നിലയില്‍ നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തേണ്ടത് അത്യാവശ്യമായതിനാലാണ് സന്ദര്‍ശനത്തിന് മുതിര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

ശിവ് വിഹാറില്‍ ഇരു വിഭാഗം ആളുകളുമായി സംസാരിച്ചതിലും നേരിട്ട് കണ്ട് മനസിലാക്കിയതിന്റേയും അടിസ്ഥാനത്തില്‍ മുസ്്‌ലിംകളുടെ വസ്തുവകകളാണ് കലാപത്തിലും അഗ്നിക്കിരയായും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതെന്നും ജസ്റ്റിസ് പട്‌നായിക് പറഞ്ഞു. കലാപത്തിന്റെ ദൃക്‌സാക്ഷികളും വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മുസ്്‌ലിം കുടുംബങ്ങളും നല്‍കിയ വിവരം അനുസരിച്ച് കലാപത്തിനു പിന്നില്‍ പ്രദേശവാസികളല്ല, പുറത്ത് നിന്നും എത്തിയ ആളുകളാണ്. മുസ്്‌ലിംകളുടെ വീടുകള്‍, മദ്രസകള്‍ തുടങ്ങിയ വസ്തുവകകളാണ് കാര്യമായും തകര്‍ക്കപ്പെട്ടത്. പുറത്ത് നിന്നും എത്തിയവര്‍ ആക്രമണം നടത്തുകയും കൊള്ളയടിക്കുകയും ശേഷം സ്ഥലം വിടുകയുമാണ് ചെയ്തത്. പുറമെ നിന്നും എത്തിയവരാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് മുസ്്‌ലിം, ഹിന്ദു വിഭാഗക്കാര്‍ ഒരുപോലെ പറയുന്നുണ്ടെന്നും ജസ്റ്റിസ് പട്‌നായിക് പറഞ്ഞു. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷനും വഖഫ് ബോര്‍ഡും ചേര്‍ന്ന് തയാറാക്കിയ മുസ്തഫാബാദിലെ ക്യാമ്പില്‍ കഴിയുന്ന മുസ്്‌ലിംകള്‍ക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ജസ്റ്റിസ് പട്‌നായിക് പറഞ്ഞു.

കലാപ ബാധിത പ്രദേശങ്ങളില്‍ ഇപ്പോള്‍ ആവശ്യത്തിന് പൊലീസുകാരുണ്ട്. എന്നിട്ടും ആളുകള്‍ക്ക് പൊലീസുകാരില്‍ നിന്നും സുരക്ഷ ലഭിക്കുമെന്ന വിശ്വാസമില്ല. കൃത്യമായ അന്വേഷണം കൂടാതെ പൊലീസിന്റെ പങ്ക് സംബന്ധിച്ച് തങ്ങള്‍ക്ക് പറയാനാവില്ല. പക്ഷേ പൊലീസില്‍ ആളുകള്‍ക്ക് വിശ്വാസം നഷ്ടമായെന്ന് ഇവിടം സന്ദര്‍ശിച്ചതില്‍ നിന്നും വ്യക്തമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ കലാപ ഇരകളുടെ വിശ്വാസം ആര്‍ജ്ജിക്കുക എന്നത് പൊലീസിന്റെ കടമയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

ഇനി ആവശ്യം പുനരധിവാസമാണ്. സര്‍വസ്വവും നഷ്ടമായ ജനങ്ങള്‍ സമ്പന്നരല്ല, വളരെ പാവപ്പെട്ടവരാണ്. സര്‍ക്കാര്‍ കേവലം നഷ്ടപരിഹാരം നല്‍കുകയല്ല വേണ്ടത്. ഇവരെ പുനരധിവസിപ്പിക്കുകയാണ് വേണ്ടത്. ഇനി അതിനാവണം സര്‍ക്കാറിന്റെ ശ്രദ്ധ. എല്ലാവരുടേയും അപേക്ഷ സ്വീകരിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ നഷ്ടപരിഹാരത്തിനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കണം. മുന്‍സുപ്രീം കോടതി ജഡ്ജിമാരായ തങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് തങ്ങള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ജസ്റ്റിസ് പട്‌നായിക് പറഞ്ഞു. കലാപത്തെ കുറിച്ച് പൊലീസ് കൃത്യമായ അന്വേഷണം നടത്തണം. ഇനിയും ഇത്തരം കലാപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.