കോവിഡ്; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭോപ്പാല്‍: കോവിഡ് 19 സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭോപ്പാലിലെ ചിരായു ആശുപത്രിയിലാണ് ചൗഹാനെ പ്രവേശിപ്പിച്ചത്. വൈറസ് ബാധിതനെങ്കിലും അദ്ദേഹം ആരോഗ്യവാനാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വാര്‍ഡില്‍ ചികിത്സക്കെത്തിയ ഡോക്ടര്‍മാര്‍ക്ക് മുമ്പാകെ മുഖംമൂടി ധരിക്കാതെ ആശുപത്രിക്കിടക്കയില്‍ ഇരുന്നു പ്രധാനമന്ത്രിയുടെ മന്‍കി ബാത് കാണുന്ന ശിവരാജ് സിങ് ചൗഹാന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ആശുപത്രിയില്‍ പ്രവേശിച്ച ശേഷവും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഞായറാഴ്ച രാവിലെ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അണുബാധ ഒഴിവാക്കാന്‍ മികച്ച ശ്രമങ്ങള്‍ നടത്തിയിട്ടും താന്‍ വൈറസിന് പിടിപെട്ടുവെന്ന് ചൗഹാന്‍ ട്വീറ്റ് ചെയ്തു, ‘ചെറിയൊരു അശ്രദ്ധയാണ് കൊറോണ വൈറസിനെ ക്ഷണിക്കുന്നത്’ എന്ന് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സാമൂഹ്യ അകലം, മുഖംമൂടി ഉപയോഗം തുടങ്ങിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

‘രണ്ട് മീറ്റര്‍ അകലം പാലിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, മുഖംമൂടികള്‍ ധരിക്കുക – കൊറോണ വൈറസ് ഒഴിവാക്കേണ്ട ഏറ്റവും വലിയ ആയുധങ്ങള്‍ ഇവയാണ്. എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു – നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഈ ആയുധങ്ങള്‍ ഉപയോഗിക്കുക,’ ചൗഹാന്‍ പറഞ്ഞു. ‘നിങ്ങള്‍ രോഗബാധിതനാണെങ്കില്‍, ഭയപ്പെടേണ്ട ആവശ്യമില്ല. രോഗലക്ഷണങ്ങള്‍ മറയ്ക്കരുത്, പക്ഷേ ഉടന്‍ ഡോക്ടര്‍മാരോട് പറയുക, അതിനാല്‍ ചികിത്സ ആരംഭിക്കാം. സമയബന്ധിതമായ ചികിത്സ നിങ്ങളെ ആരോഗ്യം നിലനിര്‍ത്തും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡിന്റെ പടരുന്നതിനിടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ചൗഹാന്, മാസ്‌ക് ഉപയോഗത്തിലെ പിശകില്‍ നേരത്തെ തന്നെ വിമര്‍ശനം നേരിട്ട നേതാവാണ് കൂടിയാണ്. അതേസമയം, ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ മാസ്‌ക ധരിക്കാത്ത ചൗഹാന്റെ നടപടിയും വിമര്‍ശനം നേരിടുന്നുണ്ട്. മധ്യപ്രദേശിലടക്കം വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക് നേരത്തെ കോവിഡ് ബാധ കണ്ടെത്തിയിരുന്നു.

ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭാര്യ സാധന, മക്കളായ കാര്‍ത്തികേയ, കുനാല്‍ എന്നിവര്‍ക്കും കോവിഡ് 19 പരിശോധന നത്തിയിരുന്നു. ഞായറാഴ്ച വന്ന പരിശോധനാഫലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ കുടുംബാംഗങ്ങളെ 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും കോവിഡ് 19 പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രിയുടെ കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്.

തന്റെ അഭാവത്തില്‍ കോവിഡ് അവലോകന യോഗങ്ങള്‍ ആഭ്യന്തര മന്ത്രിയും ആരോഗ്യമന്ത്രിയുമടക്കമുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുമെന്നും ചൗഹാന്‍ അറിയിച്ചു.