സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല


തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ തുറക്കുകയുള്ളു.നിര്‍ദേശങ്ങള്‍ വരുന്നതുവരെ അധ്യാപകരും കുട്ടികളും വിദ്യാലയങ്ങളില്‍ ഹാജരാകേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി യോഗം തീരുമാനിച്ചു.

അതേസമയം ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കും. വിശദമായ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. വിക്ടേഴ്‌സ് ചാനലില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 മണി വരെ സംപ്രേഷണമുണ്ടാകും. ഓരോ വിഷയത്തിനും പ്രൈമറി തലത്തില്‍ അര മണിക്കൂറും ഹൈസ്‌കൂള്‍ വിഭാഗത്തിന് ഒരു മണിക്കൂറും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നര മണിക്കൂറും ദൈര്‍ഘ്യമുള്ളപാഠങ്ങളാണ് സംപ്രേഷണം ചെയ്യുക. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാകുന്നതിന് ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്കായി വായനശാലകള്‍, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കും.

ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് എല്ലാ ജില്ലകളിലും മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ അനുവദിക്കും. മെയ് 26, 27, 28 തീയതികളിലെ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി സേ പരീക്ഷയോടൊപ്പം അവസരം നല്‍കും. രണ്ടാം ഘട്ട മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് തുടങ്ങും. മൂല്യനിര്‍ണയ ക്യാമ്പിലേക്കുള്ള എക്‌സാമിനര്‍മാരെ സ്‌കൂളുകളില്‍ നിന്നും വിടുതല്‍ ചെയ്യേണ്ടതില്ല. ഭാഷാ വിഷയങ്ങള്‍ക്ക് കൂടുതല്‍ മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ അനുവദിച്ചു- (അറബിക്- ആറ്റിങ്ങല്‍, ഉര്‍ദു-തൃശൂര്‍, പാലക്കാട്). അറബിക് വിഷയത്തിന് നോര്‍ത്ത് സോണിലുള്ള അധ്യാപകര്‍ കോഴിക്കോട് മൂല്യനിര്‍ണയ കേന്ദ്രത്തിലാണ് പങ്കെടുക്കേണ്ടത്.

SHARE