ജുനൈദ് കൊലപാതകം: ഹരിയാന സര്‍ക്കാറിനും സി.ബി.ഐക്കും സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: പശുവിറച്ചിയുടെ പേരില്‍ തീവണ്ടിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ജുനൈദ് ഖാന്‍ കൊല ചെയ്യപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സാധ്യത. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ജുനൈദിന്റെ പിതാവിന്റെ ഹര്‍ജിയില്‍ പരമോന്നത കോടതി ഹരിയാന സര്‍ക്കാറിനും സി.ബി.ഐക്കും കത്തയച്ചു.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന പഞ്ചാബ് – ഹരിയാന ഹൈക്കോടതി വിധിക്കെതിരെയാണ് ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ സുപ്രീം കോടതിയില്‍ പോയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചിരുന്നു.

കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് പ്രതികള്‍ക്കു മേല്‍ 153 എ (മതത്തിന്റെ പേരില്‍ ശത്രുത സൃഷ്ടിക്കല്‍), 153 ബി (ദേശീയോദ്ഗ്രഥനം ഉറപ്പിക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 149 (നിയമവിരുദ്ധമായ കൂട്ടംചേരല്‍) തുടങ്ങിയവ ചുമത്തിയില്ലെന്നു കാണിച്ചാണ് ജുനൈദിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന പൊലീസിന്റെ അന്വേഷണ രീതിയില്‍ പിഴവുകളുണ്ടെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

കേസിലെ വിചാരണ നിര്‍ണായക ഘട്ടത്തിലാണെന്നും ഇക്കാര്യത്തില്‍ ഇടപെടാനില്ലെന്നും ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, മോഹന്‍ ശാന്തനഗൗഡര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെന്ന ജുനൈദിന്റെ ആവശ്യത്തില്‍ മറുപടി നല്‍കാന്‍ സി.ബി.ഐയോടും ഹരിയാന സര്‍ക്കാറിനോടും കോടതി വിശദീകരണം തേടി.