ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. 13 പൂജ്യങ്ങള്‍ മാത്രമുള്ള ജുംല പാക്കേജിലൂടെ സര്‍ക്കാര്‍ ഒരു പൈസ പോലും കര്‍ഷകരുടെ പോക്കറ്റില്‍ ഇട്ടിട്ടില്ലെന്നും ഈ റാബി സീസണില്‍ കര്‍ഷകര്‍ക്ക് 50,000 കോടി രൂപ നഷ്ടമുണ്ടായെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല തുറന്നടിച്ചു.
കോവിഡ് അടച്ചുപൂട്ടല്‍ നാലം ഘട്ടത്തിലേക്ക് നീങ്ങവെ പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ ധനമന്ത്രി നിര്‍മല സീതാരാമന് തുടര്‍ച്ചയായ മൂന്നാം ദിവസവും വിശദീകരവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് വിമര്‍ശവുമായി കോണ്‍ഗ്രസ് തുറന്നടിച്ചത്. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും രാജ്യത്തെ പൗരന്മാര്ക്ക് ലഭിക്കുക 13 പൂജ്യങ്ങള്‍ മാത്രമാവുമെന്ന് സുര്‍ജേവാല ആരോപിച്ചു. കോവിഡിലെ സാമ്പത്തിക തകര്‍ച്ച പരിഹരിക്കുന്നതിന് 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ”ജുംല പാക്കേജ്” ആണെന്നും പ്രധാനമന്ത്രിയും ധനമന്ത്രിയും പിന്തുടരുന്ന വൂഡൂ സാമ്പത്തിക ശാസ്ത്രമാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നും സുര്‍ജേവാല പരിഹസിച്ചു.
മോദി സര്‍ക്കാരിന് കര്‍ഷകരോ കാര്‍ഷിക മേഖലയോ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് യാതൊരു ബോധ്യവുമില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. കര്‍ഷകര്‍ക്ക് ഒരു പൈസയുടെ പോലും ആനുകൂല്യം നല്‍കാതിരിക്കുന്നത് അതുകൊണ്ടാണെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു. കര്‍ഷകരോട് സര്‍ക്കാര്‍ പുലര്‍ത്തുന്നത് നിസ്സംഗതയാണെന്നും കോവിഡ് -19 സാമ്പത്തിക പാക്കേജില്‍ അവഗണിച്ചതിന് കര്‍ഷകരോട് പ്രധാനമന്ത്രിയും ധനമന്ത്രിയും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടുത്ത ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് വായ്പകള്‍ പ്രഖ്യാപിക്കുക മാത്രമാണ് ധനമന്ത്രി ചെയ്തത്. കൊറോണ വൈറസ് ബാധയുടെ കാലത്ത് കര്‍ഷകരെ സഹായിക്കുന്നതിന് പകരം അവരെ കടക്കെണിയില്‍ പെടുത്താനാണ് നീക്കം. രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും കടുത്ത ദുരിതം അനുഭവിക്കുകയാണ്. അവര്‍ക്ക് ആശ്വസം നല്‍കുന്നതിന് പകരം വേദനിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുര്‍ജേവാല പറഞ്ഞു.
ധനമന്ത്രിയുടെ ജുംല പ്രഖ്യാപനങ്ങളിൽ നിന്ന് കർഷകർക്കോ കാർഷിക തൊഴിലാളികൾക്കോ പ്രയോജനം ലഭിക്കില്ല. ഇന്ന് കർഷകരും കാർഷിക തൊഴിലാളികളും നിരാശരും നിരാശരുമാണ്, ”സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.