ന്യൂഡല്‍ഹി: രാജ്യത്ത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡ് കൂടുതല്‍ രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്. പല സംസ്ഥാനങ്ങളിലും പല സമയത്താകും വര്‍ധന. തീവ്രവും അപകടകരമാവുമായ രണ്ടാം തരംഗം വരാനിരിക്കുന്നതേയുള്ളൂവെന്നാണു ചില പഠനങ്ങ്ള് നല്കുന്ന മുന്നറിയിപ്പ്.
ജൂലൈയിലോ ഓഗസ്റ്റിലോ രോഗികള്‍ പരമാവധിയാകുമെന്ന് ഗംഗാറാം ആശുപത്രി ഉപാധ്യക്ഷന്‍ ഡോ. എസ്.പി. ബയോത്ര പറയുന്നു. കോവിഡ് പ്രതിരോധത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കര്‍മസമിതി അംഗവും എയിംസ് ഡയറക്ടറുമായ ഡോ. രണ്‍ദീപ് ഗുലേറിയ ഇക്കാര്യം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. രോഗവ്യാപനം കുറയുന്നതിന്റെ സൂചന ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഓഗസ്റ്റില്‍ രണ്ടാംതരംഗമുണ്ടാകുമെന്നാണു വിദേശ ഗവേഷകരുടെ നിഗമനം. കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ ഓഗസ്റ്റ് 15നു ശേഷമായിരിക്കും വ്യാപക വര്‍ധനയെന്ന കണക്കുകൂട്ടല്‍ സംസ്ഥാന സര്‍ക്കാരിനു തന്നെയുണ്ട്. ഓഗസ്റ്റ് പകുതിയോടെ 2.74 കോടി പേര്‍ക്കു കോവിഡ!് ബാധിക്കുമെന്നായിരുന്നു നിതി ആയോഗിന്റെ നിഗമനം.
ലോക്ഡൗണ്‍ പടിപടിയായി നീക്കുന്ന ഘട്ടമാണ് ഇപ്പോഴും. ഇതിന്റെ ഫലം കണ്ടു തുടങ്ങാനിരിക്കുന്നതേയുള്ളുവെന്നു വിദഗ്ധര്‍ പറയുന്നു. ഇതിനൊപ്പമാണു പ്രവാസികളുടെ മടങ്ങിവരവ്. പരിശോധന കൂടുന്നതനുസരിച്ച് രോഗികള്‍ കൂടുമെന്നതു മറ്റൊരു കാരണം. വൈറസ് വ്യാപനം സമഗുണിത ശ്രേണിയിലാണെന്നതിന്റെ (ജ്യോമെട്രിക് പ്രോഗ്രഷന്‍) ഉദാഹരണമാണ് ഇവിടെ വ്യക്തമാകുന്നത്. ആദ്യത്തെ 1 ലക്ഷം കേസുകള്‍ക്കു വേണ്ടി വന്നത് 100 ദിവസമാണ്. 2 ലക്ഷം ആകാനെടുത്തത് 14 ദിവസം. 3 ലക്ഷമാകാന്‍ 12 ദിവസവും.