കോഴിക്കോട്: മുസ്്ലിംലീഗ് ഉളളതുകൊണ്ടാണ് ഇവിടെ തീവ്രവാദം വളരാത്തതെന്ന് നടനും സാമൂഹ്യ വിമര്‍ശകനുമായ ജോയ് മാത്യു. ലീഗില്ലായിരുന്നെങ്കില്‍ ഇന്നു കാണുന്ന കേരളമായിരിക്കില്ല. എത്ര മനോഹരമായ പാര്‍ട്ടിയാണ് മുസ്്ലിംലീഗ്. നരഹത്യയും പൈശാചികതയും സൃഷ്ടിക്കപ്പെടുന്ന തീവ്രവാദത്തിലേക്ക് കൊണ്ടു പോകുന്നത് തടയിടാന്‍ മുസ്്ലിംലീഗിന്റെ പ്രവര്‍ത്തനം കൊണ്ടാണ് സാധിക്കുന്നത്. പൗരത്വ വിവേചന നിയമത്തിനെതിരെ മുസ്്ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍ നടത്തിയ ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മില്‍ ജനാധിപത്യം എന്നൊന്നില്ല. കോണ്‍ഗ്രസ്സിലും മുസ്്ലിംലീഗിലും അതുണ്ട്. ആര്‍ക്കും ചേരാം. ഇറങ്ങിപ്പോകാം. അഭിപ്രായം പറയാം. അതിന്റെ പേരില്‍ സ്വന്തം നേതാക്കള്‍ ആര്‍ക്കെതിരെയും യു.എ.പി.എ ചുമത്തില്ല. സ്വന്തം പ്രവര്‍ത്തകനെ കുത്തില്ല. വാക്കൊന്നും പ്രവൃത്തി മറ്റൊന്നുമായ ആഭ്യന്തരമന്ത്രിയാണ് കേരളത്തിലേത്. യു.എ.പി.എ നടപ്പാക്കില്ലെന്ന് അധികാരമേറ്റെടുത്ത ശേഷം പ്രസംഗം അദ്ദേഹം 19 വയസ്സായ രണ്ടു ചെറുപ്പക്കാര്‍ക്കെതിരെ യു.എ.പി.എ ചുമനത്തി എന്‍.ഐ.എക്ക് കൈമാറി. 14 വയസ്സ് മുതല്‍ പൊലീസ് അവരെ നിരീക്ഷിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പുസ്തകം വായിച്ചു. ലഘുലേഖ വായിച്ചു. ചില യോഗങ്ങളില്‍ പങ്കെടുത്തു എന്നതൊക്കെയാണ് കുറ്റം. വ്യത്യസ്ഥമായ പുസ്തകങ്ങള്‍ വായിക്കുകയും ആളുകളുമായി ഇടപെടുകയും ചെയ്യുന്ന തന്നെ പോലുള്ളവര്ക്കെതിരെയും യു.എ.പി.എ ചുമത്താവുന്നതാണ്. ഇക്കാര്യത്തില്‍ ആ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കണമെന്ന സുവ്യക്തമായ നിലപാടാണ് യു.ഡി.എഫിനും ഡോ.എം.കെ മുനീറിനുമുള്ളത്. നിസ്വാര്‍ത്ഥരായ ഇത്തരം നേതാക്കളെയാണ് നമുക്ക് ആവശ്യം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപ നേതാവ് ഡോ.എം.കെ മുനീറും അലന്റെയും താഹയുടെയും വീട്ടില്‍ പോയി ആ പ്രശ്നം ഏറ്റെടുത്തത് സ്വാഗതാര്‍ഹമാണ്. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. സ്വന്തം യുവാക്കള്‍ ചിന്തിക്കുന്നതും പ്രതികരിക്കുന്നതും തടയിടാനാണ് സി.പി.എമ്മിന്റെ ശ്രമം. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം ജാമിഅയിലും ജെ.എന്‍.യുവിലുമൊക്കെ ക്രൂരമായി അടിച്ചമര്‍ത്തിയപ്പോഴും പ്രതികരിക്കേണ്ടിയിരുന്ന യുവാക്കള്‍ പേടിച്ച് പുറത്തിറങ്ങിയില്ല. അതാണ് പിണറായിയൊക്കെ ലക്ഷ്യം വെക്കുന്നത്. എന്നാല്‍, പേടിച്ച് പിന്‍വാങ്ങില്ല.