ജോയ് അറയ്ക്കലിന്റെ മരണം; കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു

വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിയുടെ മകന്‍ ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലില്‍ മനംനൊന്താണ് ജോയ് ആത്മഹത്യ ചെയ്തതെന്നാണ് പരാതിയിലുള്ളത്. കനേഡിയന്‍ പൗരത്വമുള്ള ലബനന്‍ സ്വദേശി റാബി കരാനിബാണ് പ്രൊജക്ട് ഡയറക്ടര്‍. ഇദ്ദേഹത്തെ പൊലീസ് വിളിച്ചു വരുത്തി വിശദീകരണം ചോദിക്കും.

ഹമ്രിയ ഫ്രീസോണിലാണ് ഇന്നോവ ഗ്രൂപ്പിന്റെ പുതിയ റിഫൈനറി പദ്ധതി നടന്നു വരുന്നത്. ബ്ലൂ റെവലൂഷന്‍ എന്നറിയപ്പെടുന്ന രീതിയില്‍ പെട്രോളിയത്തിന്റെ ഉപോല്‍പ്പന്നമായി അവസാനം ജലം തന്നെ ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പദ്ധതിയാണ് ഇത്. ഇതിലെ ജലം കൊണ്ട് മീന്‍ വളര്‍ത്തല്‍ വരെ നടത്തുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. 220 ദശലക്ഷം ദിര്‍ഹമാണ് പദ്ധതിച്ചെലവ്.

പദ്ധതിക്കായി ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഇതിനുള്ള യന്ത്ര സാമഗ്രികളെല്ലാം എത്തിയിരുന്നു. ഇതിന്റെ ഒന്നാംഘട്ട ഉദ്ഘാടനം മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്നു എങ്കിലും നടന്നില്ല. ഇതു ജോയിയെ വിഷമിപ്പിച്ചിരുന്നു. ഇതിനൊപ്പം ജോയിയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ പ്രോജക്ട് ഡയറക്ടര്‍ സംസാരിച്ചത് ജോയിക്ക് മാനസിക പ്രയാസം ഉണ്ടാക്കിയിരുന്നു. ആറു വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിക്ക് കൂടുതല്‍ പണം അനുവദിക്കാനുള്ള തീരുമാനത്തിലുമായിരുന്നു കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ഉണ്ടായിരുന്നത്.

വ്യാഴാഴ്ചയാണ് കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് ചാടി ജോയി ആത്മഹത്യ ചെയ്തത്. ഓഫീസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് തൊട്ടുമുമ്പായിരുന്നു അമ്പത്തിനാലുകാരനായ ഇദ്ദേഹം ജീവനൊടുക്കിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബര്‍ ദുബൈ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍ വ്യക്തമാക്കിയിരുന്നു.