ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബായ് പൊലീസ്; കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി


ദുബായ്: വയനാട് സ്വദേശിയായ പ്രമുഖ പ്രവാസി ബിസിനസുകാരന്‍ ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 23നായിരുന്നു അദ്ദേഹം ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്നും ബര്‍ ദുബായ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹതകളൊന്നുമില്ല. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നുവെന്നും വ്യക്തമാക്കി.

ഇരുപത് വര്‍ഷത്തോളമായി യുഎഇ ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന ജോയ് അറയ്ക്കല്‍ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. എണ്ണവ്യാപാര മേഖലയിലായിരുന്നു സാമ്രാജ്യം കെട്ടിപ്പടുത്തത്. ജുമൈറയില്‍ ഭാര്യ സെലിന്‍ മക്കളായ അരുണ്‍, ആഷ് ലി എന്നിവരോടൊപ്പമായിരുന്നു താമസം. ചാര്‍ട്ടേര്‍ഡ് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകുന്ന മൃതദേഹത്തെ കുടുംബവും അനുഗമിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.

ഇന്ത്യന്‍ അധികൃതരില്‍ നിന്ന് എന്‍ഒസി ലഭിച്ചുകഴിഞ്ഞു. യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചയുടന്‍ മൃതദേഹം ബംഗ്ലുരുവിലേയ്ക്ക് കൊണ്ടുപോകും. അവിടെ നിന്നാണ് സ്വന്തം നഗരമായ വയനാട് മാനന്തവാടിയിലെത്തിക്കുക. നടപടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി നേതൃത്വം നല്‍കുന്നു.

കേരളത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നായ( 45,000 ചതുരശ്ര അടി) മാനന്തവാടിയിലെ ജോയിയുടെ ഭവനം ഏറെ ശ്രദ്ധേയമാണ്. ഗള്‍ഫിലും നാട്ടിലും ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു. സൗമ്യനും സ്വന്തം ജോലിക്കാരോടു പോലും വളരെ സ്‌നേഹത്തോടെ പെരുമാറിയിരുന്നയാളുമാണ്. താനൊരു വയനാട്ടുകാരന്‍ ആണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും, ലോകത്തോട് വിളിച്ചു പറയാന്‍ ഒരു മടിയും കാട്ടാതിരുന്ന വലിയ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു.

ഒട്ടേറെ പുരസ്‌കാരങ്ങളും ആദരവുകളും സ്വന്തമാക്കിയിട്ടുള്ള ജോയ് അടുത്തിടെ ദുബായില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. ചലച്ചിത്ര താരം മമ്മുട്ടി കൂടി പങ്കെടുത്ത ചടങ്ങായിരുന്നു അത്.

SHARE