പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിനിടെ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി നേരിട്ട് പൊലീസ്

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ വാഷിങ്ടണിലടക്കം യുഎസിലെ നാല്പതോളം നഗരങ്ങളില്‍ കര്‍ഫ്യൂ ശക്തമാക്കി.പ്രതിഷേധക്കാരെ നേരിടാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, പ്രതിഷേധക്കാരെ നേരിടുന്നതിന്റെ മറവില്‍ അമേരിക്കയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും യുഎസ് പൊലീസ് അക്രമം നടത്തുന്നതായി പരാതിയുയരുന്നുണ്ട്. ആയുധങ്ങളുമായി എത്തുന്ന പൊലീസ് സംഘം റിപ്പോര്‍ട്ടര്‍മാര്‍ അവരുടെ പ്രസ് പാസുകള്‍ ഉയര്‍ത്തിക്കാണിച്ചിട്ടും വെടിയുയിര്‍ത്തുന്നതും അടിക്കുന്നതുമായ ഭീകര ദൃശ്യങ്ങള്‍ മിനിയാപൊളിസിന്നും മറ്റു പ്രവിശ്യകളില്‍നിന്നുമായി പുറത്തുവരുന്നുണ്ട്.

ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ളോയിഡ് പോലീസ് പീഡനത്തില്‍ മരിച്ച സംഭവത്തില്‍ വംശവെറിക്കും വര്‍ണവിവേചനത്തിനുമെതിരെ അമേരിക്കയില്‍ ഉയര്‍ന്ന പ്രതിഷേധം കനക്കുകയാണ്‌. വാഷിങ്ടണില്‍ വെള്ളിയാഴ്ച രാത്രി പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിന് മുന്നില്‍ തടിച്ചുകൂടിയതോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. വൈറ്റ് ഹൗസിലെ തന്നെ ഭൂഗര്‍ഭ ബങ്കറിലേക്കാണ് അമേരിക്കന്‍ പ്രസിഡന്റിനെ മാറ്റിയത്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Image

വൈറ്റ് ഹൗസ് മതില്‍ കടന്ന് പ്രതിഷേധക്കാര്‍ എത്തിയാല്‍ നായകളെ കൊണ്ടും ആയുധങ്ങള്‍ കൊണ്ടും നേരിടുമെന്ന ട്രംപിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വൈറ്റ്ഹൗസിന് മുമ്പിലുണ്ടായ പ്രതിഷേധത്തില്‍ ട്രംപിനേയും വൈറ്റ് ഹൗസ് സുരക്ഷാ സേനയേയും ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാത്രി വൈറ്റ്ഹൗസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പോലീസും തടയുകയായിരുന്നു. തുടര്‍ന്ന് വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയ ട്രംപ് അവിടെ ഒരു മണിക്കൂര്‍ സമയം മാത്രമേ ചിലവഴിച്ചിട്ടുള്ളുവെന്നാണ് വിവരം. വൈറ്റ്ഹൗസില്‍ ട്രംപിനൊപ്പമുണ്ടായിരുന്ന ഭാര്യ മെലാനിയേയും മകന്‍ ബറോണിനേയും ബങ്കറിലേക്ക് മാറ്റിയോ എന്നതില്‍ വ്യക്തതയില്ല. അതേസമയം, റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ട്രംപ് ട്വിറ്ററില്‍ ഫെയ്ക് ന്യൂസ് എന്ന് ട്വീറ്റ് ചെയ്തു.

അമേരിക്കയെ ട്രംപ് ഭരണകൂടം കുഴപ്പത്തിലാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ലക്ഷങ്ങളാണ് കോവിഡ് വൈറസ് ബാധിച്ച് മരിച്ചത്. വംശവെറിയും വര്‍ണവിദ്വേഷവും പരത്തിയ ട്രംപിന്റെ നിലപാടുകളാല്‍ ഇപ്പോള്‍ നഗരങ്ങള്‍ കത്തുകയാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ട്രംപ് ഇപ്പോള്‍ വൈറ്റ് ഹൗസില്‍ നിന്ന് അപ്രത്യക്ഷമായി രഹസ്യഅറയില്‍ ഇരുന്ന് തന്റെ ആരാധകര്‍ക്ക് ട്വീറ്റ് ചെയ്യുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.