വ്യാജവാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

വ്യാജവാര്‍ത്ത നല്‍കിയാല്‍ മാധ്യമപ്രവര്‍ത്തകന്റെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പുറത്തുവിടുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ സ്ഥിരമായി റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

ഭീഷണിപ്പെടുത്തുന്നതും ഭീകരവുമായ വ്യാജ വാര്‍ത്തകള്‍ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുന്ന നിയമത്തിനായാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന് തെളിഞ്ഞാല്‍ ആദ്യതവണ ആറുമാസത്തേക്കാവും അക്ര?ഡിറ്റേഷന്‍ റദ്ദാക്കുക. എന്നാല്‍ രണ്ടാമതും വ്യാജ വാര്‍ത്തകല്‍ നല്‍കിയാല്‍ ഒരു വര്‍ഷത്തേക്കും ഇത് വീണ്ടും ആവര്‍ത്തിക്കുയാണെങ്കില്‍ സ്ഥിരമായും അക്രഡിറ്റേഷന്‍ റദ്ദാക്കുന്ന രീതിയിലാണ് നിയമം. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാര്‍ത്താ വിനിമയ മന്ത്രാലയം തിങ്കളാഴ്ച്ച പുറത്തുവിട്ട പത്രക്കുറിപ്പിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശ രേഖകളില്‍ മാറ്റം വരുത്തിയത് വ്യക്തമായത്.

ജനാധിപത്യത്തിന്റെ നാലാംതൂണിന് കടിഞ്ഞാണിടുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണിതെന്ന് മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനമുരുന്നുണ്ട്. സര്‍ക്കാര്‍ ഭേതഗതി തീരുമാനം വന്ന ഉടന്‍ പ്രസ്സ് ക്ലബ്ബ് ഓഫ് ഇന്ത്യ അടിയന്തിര യോഗം വിളിച്ചു.


അംഗീകാരം റദ്ദുചെയ്യുന്ന നടപടിക്കെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
രാഷ്ട്രീയത്തിലെ നേതാക്കളെ മഹാന്മാരാക്കി പടച്ചുവിടുന്ന ചില വാര്‍ത്തകള്‍ ഇതാ. ഈ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അക്രഡിറ്റേഷന്‍ നഷ്ടമാകുമോ എന്നായിരുന്നു മുന്‍ ഹിന്ദു ജേര്‍ണലിസ്റ്റ് മഹീം പ്രതാപ് സിംഗിന്റെ ട്വീറ്റ്.

പുതിയ നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരെയാണെന്നത് വ്യക്തമാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ സുഹാസിനി ഹൈദര്‍ ട്വീറ്റ് ചെയ്തു. വ്യാജ വാര്‍ത്താ വിലക്ക് അധാര്‍മ്മികമായ രീതിയില്‍ വാര്‍ത്തകള്‍ പടച്ചു വിടുന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ക്ക് ബാധകമല്ല എന്നും സുഹാസിനി ട്വിറ്ററില്‍ കുറിച്ചു.