മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ മരണം; പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയെന്ന് പൊലീസ്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ വിചിത്രവാദം ഉന്നയിച്ച് അന്വേഷണ സംഘം. സിറാജ് പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കാന്‍ വൈകിയതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്നും അതിനാല്‍ ശ്രീറാമിന്റെ രക്തപരിശോധന വൈകിയെന്നുമാണ് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

വഫാ ഫിറോസിന്റെ രക്തപരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ മൊഴി നല്‍കൂ സെയ്ഫുദ്ദീന്‍ ഹാജി പറഞ്ഞതായാണ് പോലീസ് റിപ്പോര്‍ട്ട്. അതിനാല്‍, കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വൈകി. കേസ് റജിസ്റ്റര്‍ ചെയ്യാഞ്ഞതിനാല്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ശ്രീറാമിന്റെ രക്തം പരിശോധിക്കാന്‍ വിസമ്മതിച്ചെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍, പോലീസ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റ് പ്രതികരിച്ചു.

ശ്രീറാം അപകടസമയത്ത് മദ്യപിച്ചിരുന്നെന്നും നാക്ക് കുഴഞ്ഞിരുന്നെന്നും ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനും കേസിലെ മുഖ്യ സാക്ഷിയുമായ ബെന്‍സണ്‍ പോലീസില്‍ മൊഴി നല്‍കി. അതിനിടെ, പോലീസ് നടപടിയെ കേരള ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്ന കേരള സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.