സി.പി.എമ്മിന്റെ വാടകക്കാരനായ ജലീല്‍ എല്ലാവരും തന്നെപ്പോലെയെന്ന് കരുതരുത്: ജോസഫ് വാഴക്കന്‍

കോഴിക്കോട്: സി.പി.എമ്മിന്റെ വാടകക്കാരനായ കെ.ടി ജലീല്‍ എല്ലാവരും തന്നെപ്പോലെയാണെന്ന് കരുതരുതെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. രാഹുല്‍ ഗാന്ധിക്കെതിരെ ട്രോളിറക്കി വെട്ടിലായ ജലീലിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു വാഴക്കന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മലപ്പുറത്ത്‌ നിന്നും സിപിഎം ദിവസക്കൂലിക്ക് വാടകക്കെടുത്ത കുടുംബ സ്നേഹിയായ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു.

കക്ഷി വാടകക്കാരൻ ആയത് കൊണ്ട് എല്ലാവരും അങ്ങനെയായിരിക്കുമെന്നാണ് ധാരണ. ഇന്നും സിപിഎം മെമ്പർഷിപ്പ് നൽകാതെ വരാന്തയിൽ ചില്ലപ്പായ വിരിച്ചാണ് കിടത്തുന്നത്.

ചില പ്രതികരണങ്ങൾ നടത്താനായി സിപിഎം ഉപയോഗിക്കുന്ന ഈ വ്യക്തിക്ക് പകരമായി സർക്കാർ സർവീസ് കുടുംബസ്വത്തായി പതിച്ചു നല്കിയിട്ടുണ്ട്. ഇന്ന്‌ എ കെ ജി സെന്ററിലെ ഈ വാടകക്കാരൻ രാഹുൽ ഗാന്ധിയെ മത്സരിക്കാൻ വാടകക്കെടുത്തു എന്നാണ് പറയുന്നത്.

ഉള്ളിലെ ബിജെപി പ്രേമം ബിജെപിയെ പുലിയായി ചിത്രീകരിച്ച് പുറത്തിടുന്നുണ്ട് മഹാൻ. ആ പുലിയെ പിടിക്കാൻ സിപിഎം എന്ന എലികളുടെ കേന്ദ്രത്തിൽ എന്തിനു വരുന്നു എന്നും ചോദിക്കുന്നുണ്ട്. കേരളത്തിന്‌ പുറത്തു ഒരിടത്തു പോലും വഴിതെറ്റിയാണെങ്കിലും ബിജെപിയുടെ മുൻപിൽ വരാത്ത സിപിഎം എലികൾ കൊച്ചു കേരളത്തിലിരുന്ന് ഭാരിച്ച കാര്യങ്ങൾ സംസാരിക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്.

ഭയക്കരുത് ഇടത് പക്ഷമേ. ഈ ലോകസഭ തിരഞ്ഞെടുപ്പിൽ ഡൽഹിക്ക് വിജയം കൈവരിച്ചു പോകാൻ ഇടത് പക്ഷത്തിന്റെ എംപിമാർ കാണില്ല. അതുറപ്പാണ്. ഇരുപത് മണ്ഡലങ്ങളിലും യൂഡിഎഫ് മുന്നേറ്റം നടത്തുമെന്നതിന്റെ ഭയമാണ് നിങ്ങൾക്ക്. പിന്നെ കൊടികെട്ടാനും പോസ്റ്റർ ഒട്ടിക്കാനും ഹിന്ദിക്കാർ വേണ്ടിയിടത്തു നിന്ന് മത്സരിക്കാനും ഹിന്ദിക്കാർ വേണമെന്ന് പുച്ഛം കലർന്ന ഭാവത്തിൽ ഒരു ജനതയെ ആക്ഷേപിച്ച മന്ത്രിയോട് പറയട്ടെ.

ആവേശത്തോടെ ചെങ്കൊടി പിടിച്ച, 35 വർഷം ബംഗാളിൽ നിങ്ങൾക്ക് വോട്ട് നൽകിയ ജനതയാണ് ഇന്ന് ഈ കുറഞ്ഞ കൂലിക്ക് ഇവിടെ ജോലിക്ക് വരുന്നത്. ഹിന്ദിയിലെങ്ങാനും നിങ്ങൾ അവരോടു ഇങ്ങനെ സംസാരിക്കരുത്. ഈയടുത്താണ് സിപിഎം സെക്രട്ടറിയെ ബംഗാളിൽ ജനങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചത്.

SHARE