മോഹന്‍ലാലിന്റെ മുന്തിരിവള്ളികളെ തളര്‍ത്തി ദുല്‍ഖറിന്റെ നോക്കി നോക്കി

കുടംബകഥയുമായി എത്തുന്ന രണ്ടു സിനിമകള്‍ തമ്മിലുള്ള മത്സരമാവും മലയാള സിനിമാ ആരാധകര്‍ക്ക് ഈ ക്രസ്തുമസ് കാലം. തളിരിട്ട പ്രണയത്തിന് ഇരട്ടിമധുരമേകി എത്തുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന മോഹന്‍ലാല്‍ ചിത്രവും, സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്ന ചിത്രവുമാണ് കടുത്ത മത്സരത്തിനായി പ്രദര്‍ശനത്തിനൊരുങ്ങി നില്‍ക്കുന്നത്.

വെള്ളിമൂങ്ങക്ക് ശേഷം ചിരിയുടെ രസകൂട്ടുമായി എത്തുന്ന ജിബു ജേക്കബ് ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ചിത്രത്തില്‍ മീനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. വി.ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി എം സിന്ധുരാജാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

തൃശൂരിലെ വളരെ സമ്പന്ന കുടുംബാംഗമായ ജോമോനെയാണ് ദുല്‍ഖര്‍ ‘ജോമോന്റെ സുവിശേഷങ്ങള്‍’ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജീവിതത്തെ ഒട്ടും ഗൗരവത്തോടെ കാണാത്തവനാണു ജോമോന്‍. ശരാശരി മലയാളിയുടെ കുടുംബകഥ പറയുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മുകേഷാണ് ദുല്‍ഖറിന്റെ അച്ഛന്റെ റോളിലെത്തുന്നത്

ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച മോഹന്‍ലാല്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. പുറത്തിറങ്ങിയ ഉടന്‍ യൂടൂബില്‍ ട്രന്റായ ട്രെയ്‌ലര്‍ വന്‍ പ്രക്ഷക ശ്രദ്ധ നേടി. ആസ്വാദകരെ കുടുകുടാ ചിരിപ്പിക്കുന്ന പഴയകാല മോഹന്‍ലാല്‍ പ്രകടനവും രസകരമായ സംഭാഷണങ്ങളുമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ട്രെയ്‌ലറിന്റെ പ്രധാന ആകര്‍ഷനം. ട്രെയ്‌ലര്‍ റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും യുട്യൂബില്‍ ഇതുവരെ എട്ട് ലക്ഷത്തില്‍ അധികം ആളുകളാണ് കണ്ടത്.

എന്നാല്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ട്രയ്‌ലര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം മത്സരത്തിനെന്നോണം രംഗത്തെത്തിയിരിക്കുകയാണ് ‘ജോമോന്റെ’ ടീം. ‘ജോമോന്റെ സുവിശേഷങ്ങള്‍’ സിനിമയിലെ നോക്കി..നോക്കി എന്ന പാട്ടിന്റെ ടീസറുമായാണ് യൂടൂബില്‍ മത്സരത്തിനെത്തിയത്. ദുല്‍ഖറിന്റെ മനോഹര ഡാന്‍സുമായി എത്തിയ സോങ് ടീസര്‍ യൂടൂബില്‍ ട്രന്റായി കഴിഞ്ഞു. റിലീസ് ചെയ്ത് രണ്ടു ദിവസം മാത്രം കഴിഞ്ഞ പാട്ടിന്റെ ടീസര്‍ ഇതിനകം പന്ത്രണ്ട് ലക്ഷത്തില്‍ പരം ആളുകളാണ് കണ്ടത്. പാട്ടിന്റെ ഓഡിയോ റിലീസ് നേരത്തെ കഴിഞ്ഞതാണ്. ദുല്‍ഖര്‍ തന്നെയാണ് ടീസര്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

അതേസമയം നോക്കി നോക്കി മുന്തിരിവള്ളികളെ തളര്‍ത്തി കഴിഞ്ഞെന്നാണ് ദുല്‍ഖര്‍ ആരാധകരുടെ അവകാശവാദം. എന്നാല്‍ യൂടൂബ് ട്രെന്‍ഡില്‍ ദുല്‍ഖറിന്റെ പാട്ടിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തായി മോഹന്‍ലാലിന്റെ സിനിമാ ട്രെയ്‌ലര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ‘ജോമോന്റെ സുവിശേഷങ്ങള്‍’ സിനിമയുടെ ടീസറും യൂടൂബില്‍ നേരത്തെ ട്രന്റായിരുന്നു.

SHARE