ജോണിന്റെ മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു

തിരുവനന്തപുരം: മൂന്ന് മാസം മുമ്പ് മരിച്ച ജോണിന്റെ മൃതദേഹം സെമിത്തേരിയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരത്താണ് സംഭവം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ.ശശികലയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. ജോണിന്റെ മരണകാരണം ഹൃദയാഘാതമെന്ന ഭാര്യയുടെ ആദ്യവാദം തള്ളി അച്ഛനും സഹോദരിയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 6ന് രാത്രിയാണ് പൊഴിയൂരിലെ പരുത്തിയൂര്‍ സ്വദേശി ജോണ്‍ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഭാര്യയും മക്കളും ആദ്യം ജോണിന്റെ മറ്റ് ബന്ധുക്കളോട് പറഞ്ഞത്. തൊട്ടടുത്ത ദിവസം സംസ്‌ക്കരിക്കുകയും ചെയ്തു. എന്നാല്‍ മരിച്ച ദിവസം മൃതദേഹത്തിന് അടുത്ത് നില്‍ക്കാന്‍ പോലും അനുവദിക്കാത്തതില്‍ ദുരൂഹത തോന്നിയെന്ന് ജോണിന്റെ സഹോദരി പറയുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞത്. ഇതില്‍ അസ്വാഭാവികത തോന്നിയ അച്ഛനും സഹോദരിയും പൊലീസിനെ സമീപിക്കുകയായിരുന്നു.

എന്നാല്‍, കടബാധ്യത മൂലം ജോണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പൊലീസിന് നല്‍കിയ മൊഴി. ആത്മഹത്യയാണെന്ന് പറഞ്ഞാല്‍ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കാനാകില്ല. അതിനാലാണ് ഹൃദയസ്തംഭനമെന്ന് അന്ന് പറഞ്ഞതെന്ന് ഇവര്‍ പൊലീസിനോട് പറയുന്നു.

ജോണിന്റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കള്‍ അറിയിച്ചതിനാലാണ് പള്ളിയില്‍ അടക്കിയതെന്ന് വികാരി പൊലീസിനോട് പറഞ്ഞു. സംസ്‌കരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പരാതി കിട്ടുന്നതെന്ന് പൊഴിയൂര്‍ പൊലീസ് വ്യക്തമാക്കി. ആത്മഹത്യയാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മാത്രമേ സംസ്‌കരിക്കുമായിരുന്നു. പരാതിയെ തുടര്‍ന്ന് മൃതദേഹം വീണ്ടുമെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

SHARE