ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ മുസ്ലിംകളോട് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ ആഹ്വാനം. ട്രംപിന്റെ ഭരണത്തില്‍ അമേരിക്കയില്‍ ഇസ്ലാമോഫോബിയ വളര്‍ന്നു. അമേരിക്കയുടെ സുരക്ഷയ്ക്കെന്ന കാരണം പറഞ്ഞ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ താന്‍ അധികാരത്തിലെത്തിയാല്‍ പിന്‍വലിക്കുമെന്നും ബൈഡന് പ്രഖ്യാപിച്ചു.
‘അയാള്‍ പ്രസിഡന്റാവാന്‍ യോഗ്യനല്ല എന്നത് കൊണ്ട് മാത്രമല്ല നിങ്ങളുടെ വോട്ട് ഞാന്‍ അഭ്യര്‍ഥിക്കുന്നത്. നിങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ശബ്ദം രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ ഉറപ്പുവരുത്താന്‍ ഞാന്‍ താല്പര്യപ്പെടുന്നു. മുസ്ലിം ശബ്ദം ഈ സമൂഹത്തിനും രാജ്യത്തിനും ആവശ്യമുണ്ട്. പക്ഷേ പലപ്പോഴും നിങ്ങളുടെ ശബ്ദം അംഗീകരിക്കപ്പെടുകയോ പ്രതിനിധീകരിക്കപ്പെടുകയോ ചെയ്യുന്നില്ല’ ജോ ബൈഡന് പറഞ്ഞു. എംഗേജ് ആക്ഷന്‍ എന്ന സംഘടന സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ജോ ബൈഡന്.ഇസ്ലാമിക വിശ്വാസത്തെ പരിചയപ്പെടുത്താന്‍ സ്കൂളുകളില്‍ കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുമെന്നും ബൈഡന് അറിയിച്ചു. സിറിയ, യെമന്‍, ഗസ്സ എന്നിവിടങ്ങളിലെ മനുഷ്യക്കുരുതികള്‍ക്കെതിരെ നിലപാടെടുക്കുമെന്നും ബൈഡന് വ്യക്തമാക്കി.