രാജസ്ഥാനില്‍ മലയാളി നഴ്‌സ് തീ കൊളുത്തി മരിച്ചു

ജയ്പുര്‍: രാജസ്ഥാനിലെ ജോധ്പുര്‍ എയിംസ് ആസ്പത്രിയില്‍ മലയാളി നഴ്‌സ് തീകൊളുത്തിജീവനൊടുക്കി. ബിജു പുനോജ് എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. ആസ്പത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഓപ്പറേഷന്‍ തീയേറ്ററിന് സമീപമുള്ള മുറിയില്‍ വെച്ചാണ് ഇവര്‍ തീ കൊളുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിജു പുനോജ് ജോധ്പുര്‍ എയിംസില്‍ ജോലി ചെയ്ത് വരികയായിരുന്നു. ആസ്പത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് പുക പുറത്ത് വരുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ അഗ്‌നിശമന സേനാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. ആത്മഹത്യ ചെയ്ത മുറി ഉള്ളില്‍ നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു. അഗ്‌നിശമന സേന വാതില്‍പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും യുവതി മരിച്ചിരുന്നു. കുടുംബപരമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ബിജു പുനോജ് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കേരളത്തിലെ ഇവരുടെ മേല്‍വിലാസം വ്യക്തമായിട്ടില്ല.

SHARE