കോവിഡ് പ്രതിസന്ധിയില്‍ ജോലി പോയി; ഒരു രൂപ പോലുമില്ലാതെ മുന്‍ പ്രവാസി തുടങ്ങിയ സംരംഭം വന്‍ വിജയം

കൊല്ലം: കോവിഡ് മഹാമാരിയില്‍ ലോകം മുഴുവന്‍ പ്രതിസന്ധിയിലായിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. വലിയ സ്വപ്‌നങ്ങളുമായി പറന്നുയര്‍ന്ന നിരവധി പ്രവാസി മലയാളികളാണ് പ്രതീക്ഷകളെല്ലാം അസ്തമിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയിട്ടും പുതിയ സംരംഭം തുടങ്ങി മറ്റുള്ള പ്രവാസികള്‍ക്കും പ്രതീക്ഷ നല്‍കുകയാണ് കൊല്ലം പുത്തൂര്‍ മൈലംകുളത്തെ റിഞ്ചു. സൗദിയില്‍ മെക്കാനിക്കല്‍ മെയിന്റനന്‍സ് വിഭാഗത്തിലായിരുന്നു റിഞ്ചു ജോലി ചെയ്തിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി എല്ലാം തകിടം മറച്ചു.

സൗദിയില്‍ നിന്ന് തിരിച്ചെത്തി നാട്ടില്‍ കുറച്ചു നാള്‍ നിന്നപ്പോഴേക്കും കയ്യിലുള്ള പണം തീര്‍ന്നു. ജീവിക്കാനായി എന്തെങ്കിലും ചെയ്യേണ്ടത് അത്യാവശ്യമായി മാറി. വലിയ സംരംഭങ്ങള്‍ തുടങ്ങാന്‍ കയ്യില്‍ പണമില്ലായിരുന്നു. പക്ഷേ റിഞ്ചു തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. കൈയിലുള്ള ബൈക്ക് ഉപയോഗിച്ച് പുതിയ സംരംഭം തുടങ്ങി.പാലും പച്ചക്കറിയും പഴവര്‍ഗങ്ങളും പലവ്യഞ്ജനങ്ങളും തുടങ്ങി മരുന്നു വരെ വാങ്ങി വീട്ടിലെത്തിച്ചു കൊടുക്കുന്ന സംരംഭമാണ് റിഞ്ചു തുടങ്ങിയത്. ഒരു ഫോണ്‍ കോള്‍ അല്ലെങ്കില്‍ വാട്‌സാപ് സന്ദേശം ലഭിച്ചാല്‍ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു കൊടുക്കും. മരുന്നാണ് ആവശ്യമെങ്കില്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഫോണില്‍ അയച്ചു കൊടുക്കണം.

കോവിഡ് ജാഗ്രതയുടെ ഭാഗമായുള്ള നിരോധിത മേഖലകള്‍ ഒഴിവാക്കി 10 കി.മീ ചുറ്റളവില്‍ മാത്രമാണ് ഇപ്പോള്‍ സേവനം. സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന വീടുകളിലേക്കുള്ള ദൂരം അനുസരിച്ച് ചെറിയൊരു തുക പ്രതിഫലമായി ഈടാക്കും. പക്ഷേ പലരും ആവശ്യപ്പെടുന്നതിലും കൂടുതല്‍അധികം തുകയാണ് പ്രതിഫലമായി നല്‍കുന്നതെന്ന് റിഞ്ചു പറയുന്നു.

പുതിയ സംരംഭം ഒരു മാസം പിന്നിടും മുന്‍പേ ഹിറ്റായി. ബിസിനസ് വര്‍ദ്ധിച്ചപ്പോള്‍ സംരംഭത്തിന് ‘നെസ്‌റ്റൊ ട്രേഡിങ് ആന്‍ഡ് ഹോം ഡെലിവറി സര്‍വീസ്’ എന്ന പേരും നല്‍കി.ഇപ്പോള്‍ ദിവസം ശരാശരി 30 ഓര്‍ഡറില്‍ കുറയാതെ ലഭിക്കുന്നുണ്ട്. സുഹൃത്തുക്കളും പരിചയക്കാരും വഴിയാണ് ഓര്‍ഡറുകള്‍ ലഭിക്കുന്നത്. ബിസിനസ് കൂടി വരുന്നതിനാല്‍ കുറച്ചു കൂട്ടുകാരെ കൂടി ഉള്‍പ്പെടുത്തി തന്റെ ‘നെസ്‌റ്റൊ’ കൂടുതല്‍ വിപുലമാക്കാനുള്ള തീരുമാനത്തിലാണ് റിഞ്ചു ഇപ്പോള്‍. ഇതിനായി കുളക്കട പഞ്ചായത്തില്‍ ലൈസന്‍സിന് അപേക്ഷ നല്‍കി. ചില വ്യാപാര സ്ഥാപനങ്ങളുമായും റിഞ്ചു ധാരണയില്‍ എത്തിയിട്ടുണ്ട്.

SHARE