ബോളിവുഡിലും ബി.ജെ.പിക്ക് തിരിച്ചടി; താരങ്ങളെ അകറ്റി പൂജാ ഭട്ടും സംഘവും

മുംബൈ: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പിയുഷ് ഗോയലിന്റേയും ബി.ജെ.പി വൈസ് പ്രസിഡണ്ട് ബൈജയന്ത് ജയ് പാണ്ടേയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതെ നിരവധി ബോളിവുഡ് താരങ്ങള്‍. പൗരത്വഭേഗതി നിയമത്തിനെതിരെ നിലനില്‍ക്കുന്ന പ്രചരണങ്ങളും യാഥാര്‍ത്ഥ്യങ്ങളും എന്ന വിഷയത്തെ കുറിച്ചായിരുന്നു യോഗം. മുംബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ സംഘടിപ്പിച്ച ചര്‍ച്ചക്ക് ശേഷം ഇവര്‍ വിരുന്നും നടത്തിയിരുന്നു.

എന്നാല്‍ ക്ഷണം ലഭിച്ചിട്ടും പ്രമുഖരടക്കം നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തില്ല. വിക്കി കൗഷല്‍, ആയുഷ്മാന്‍ ഖുറാന, ബോണി കപൂര്‍, കങ്കണ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇവര്‍ ആരും തന്നെ പരിപാടിക്കെത്തിയിരുന്നില്ല. ഗാനരചയിതാവും തിരകഥാ കൃത്തുമായ ജാവേദ് അക്തര്‍ അടക്കം നിരവധി പേര്‍ നയം വ്യക്തനാക്കി നേരത്തെ രംഗത്തെത്തിയിരുന്നു. നടി റിച്ച ചന്ദയും സിനിമ നിര്‍മ്മാതാവായ കബിര്‍ ഖാനും യോഗത്തില്‍ പങ്കെടുത്തില്ലെന്ന് മാത്രമല്ല മുംബൈയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുകയും ചെയ്തു.

ഇതിനിടെ ബിജെപി നേതാക്കളുടെ വിരുന്നില്‍ പങ്കെടുത്ത താരങ്ങളെയടക്കം വിമര്‍ശിച്ചായിരുന്നു നടിയും സംവിധായികയുമായ പൂജാ ഭട്ടും രംഗത്തെത്തി. സ്വരഭാസ്‌ക്കര്‍, അനുരാഗ് കശ്യപ്, സുശാന്ത് സിംഗ്, നിഖില്‍ അദ്വാനി തുടങ്ങിയ ബോളിവുഡിലെ പ്രമുഖരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗവുകയും ഉണ്ടായി.

ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ നടന്ന ആക്രമണത്തിലും ശക്തമായ പ്രതിഷേധമാണ് ബോളിവുഡ് താരങ്ങള്‍ നടത്തിയത്. സ്വര ഭാസ്‌കര്‍, പൂജാ ഭട്ട്, ശബാന ആസ്മി, റിതേഷ് ദേഷ്മുഖ്, ദിയ മിര്‍സ, ആലിയ ഭട്ട് തുടങ്ങി നിരവധി താരങ്ങളാണ്‌ ജെഎന്‍യു ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്. നടന്‍ റിതേഷ് ദേഷ്മുഖും നടി തപ്‌സി പന്നുവും ട്വിങ്കിള്‍ ഖന്നയും അതിരൂക്ഷമായ ഭാഷയിലാണ് ജെഎന്‍യു ആക്രമണത്തില്‍ ട്വിറ്ററിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്.

ജെഎന്‍യുവില്‍ നടന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും വെറുതെ അപലപിച്ചാല്‍ മാത്രം മതിയാകില്ലെന്നും ശബാന ആസ്മി ട്വിറ്ററില്‍ കുറിച്ചു. അക്രമികള്‍ക്കെതിരേ എത്രയും പെട്ടെന്ന് നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം രാത്രി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുള്ള സ്വര ഭാസ്‌കറിന്റെ വീഡിയോ റീട്വീറ്റ് ചെയ്തായിരുന്നു ശബാന ആസ്മിയുടെ പ്രതികരണം.

ജെ.എൻ.യു ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന.

“ഇന്ത്യയില്‍ പശുക്കൾക്ക് വിദ്യാർഥികളേക്കാൾ കൂടുതൽ സംരക്ഷണം ലഭിക്കുന്നതായി തോന്നുന്നു. നിങ്ങൾക്ക് അക്രമത്തിലൂടെ ആളുകളെ അടിച്ചമർത്താൻ കഴിയില്ല. ഇവിടെ കൂടുതൽ പ്രതിഷേധങ്ങളും കൂടുതൽ സമരങ്ങളുമുണ്ടാകും. തെരുവിൽ കൂടുതൽ ആളുകളും ഇറങ്ങും.” ട്വിങ്കിള്‍ ഖന്ന പറഞ്ഞു. ”ഇന്നലെ അവര്‍ എ.എം.യുവിലെത്തി, ഇന്ന് ജെ.എന്‍.യുവില്‍, നാളെ നിങ്ങളിലേക്ക് എത്തും” എന്നൊരു പത്ര വാര്‍ത്തയുടെ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ട്വിങ്കിള്‍ ഖന്നയുടെ പ്രതികരണം.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭർത്താവും നടനുമായ അക്ഷയ് കുമാറിന് അഭിമുഖം നൽകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിങ്കിള്‍ ഖന്നയെ കുറിച്ച് പറഞ്ഞതും അതിന് ട്വിങ്കിള്‍ നല്‍കിയ മറുപടിയുമൊക്കെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അക്ഷയ് ബി.ജെ.പിയെ പിന്തുണക്കുകയും ട്വിങ്കിള്‍ മോദിയുടെ വിമര്‍ശകയുമാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ട്വിങ്കിളിന്റെ ട്വീറ്റ്.

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച ബോളിവുഡ് താരം ആലിയ ഭട്ട്, ഇന്‍സ്റ്റഗ്രാമിലാണ് ആലിയ ഭട്ടിന്റെ പ്രതികരണം. എല്ലാം ശരിയാണ് എന്ന രീതിയില്‍ നടിക്കുന്നത് നിര്‍ത്തണമെന്നും ആലിയ ഭട്ട് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സാധാരണ ജനങ്ങള്‍ എല്ലാവരെയും ശാരീരികമായി കൈകാര്യം ചെയ്യുന്നു. ഇത് എല്ലാം ശരിയാണ് എന്ന് നടിക്കേണ്ട സമയമല്ല. സത്യം തിരിച്ചറിയേണ്ട സമയമാണ്. ആഭ്യന്തര യുദ്ധത്തിലേക്ക് രാജ്യത്തെ നയിക്കരുത്.

വ്യത്യസ്ത ആശയമുള്ളവരോട് അക്രമത്തിന്റെ പാതയല്ല സ്വീകരിക്കേണ്ടത്. മനുഷ്യത്വപരമായ തീരുമാനങ്ങ
ളാണ് എടുക്കക്കേണ്ടത്. രാജ്യം നിര്‍മ്മിച്ച മഹാത്മാക്കള്‍ മുന്നില്‍ നിര്‍ത്തിയ മൂല്യങ്ങള്‍ പുസ്ഥാപിക്കണമെന്നും ആലിയ ഭട്ട് വ്യക്തമാക്കി.