ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ നിര്‍ണായക ചര്‍ച്ച ഇന്ന്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാവിലെ ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറുമായി ചര്‍ച്ച നടത്തും. ഉച്ചക്ക് ശേഷം വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ തുടര്‍ പ്രതിഷേധങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രതിനിധികള്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.
ഇന്നലെ വിദ്യാര്‍ത്ഥി യൂണിയനും മാനവവിഭവശേഷി മന്ത്രാലയവും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പെണ്‍കുട്ടികളെയടക്കം പൊലീസ് മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. സമരം ഇന്നും തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിസിയെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്.
രാജീവ് ചൗക്കിലെ പ്രതിഷേധം ഇന്നലെ രാത്രി താല്കാലികമായി അവസാനിപ്പിച്ചപ്പോള്‍ സമരം പൂര്‍വ്വാധികം ശക്തിയോടെ നാളെ പുനരാരംഭിക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന് അറിയിച്ചിരുന്നു. അതേസമയം ഒന്നിന് പുറകെ ഒന്നായി വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരപരമ്പര ഡല്‍ഹി പൊലീസിനെയും കേന്ദ്രസര്‍ക്കാരിനെയും ഒരേപോലെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.