‘സിസിടിവികള്‍ കേട്, വാട്സാപ്പ് നമ്പറുകള്‍ സ്വിച്ചോഫ്’, വിചിത്രവാദവുമായി ഡല്‍ഹി പൊലീസ്‌

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മുഖംമൂടി ധരിച്ച അക്രമികള്‍ വന്‍തോതില്‍ അക്രമം അഴിച്ചുവിട്ടിട്ട് നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ പിന്നിടുന്നു. ഇതുവരെ കേസില്‍ ഒരാളെപ്പോലും തിരിച്ചറിയാന്‍ ഡല്‍ഹി പൊലീസിനായിട്ടില്ല. കേസില്‍ ഒരു അറസ്റ്റ് പോലും രേഖപ്പെടുത്തിയിട്ടുമില്ല. ഇരുട്ടില്‍ത്തപ്പുന്ന പൊലീസ് പറയുന്ന വാദങ്ങളും വിചിത്രമാണ്.

ക്യാമ്പസിലെ സിസിടിവികള്‍ അന്നത്തെ ദിവസം കേടായിരുന്നു. സിസിടിവി സെര്‍വര്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ജനുവരി 3ന് ഉണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ സെര്‍വര്‍ റൂമിലെ കേബിളുകള്‍ വലിച്ചൂരിയതിനാല്‍ ദൃശ്യങ്ങളൊന്നും ശേഖരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഒരു ദൃശ്യങ്ങളും വീണ്ടും കണ്ടെടുക്കാനുമാകില്ല ഡല്‍ഹി പൊലീസ് പ്രസ്താവനയില്‍ പറയുന്നു.

ജനുവരി 3ന് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നടന്ന സമരത്തില്‍ സെര്‍വര്‍ കേബിളുകള്‍ വലിച്ചൂരിയെന്ന് ആരോപിച്ചാണ് ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് ഐഷിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് അക്രമത്തില്‍ ഒരാളെപ്പോലും തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോള്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കാനാവാത്തതിന് കാരണം ഐഷിയടക്കമുള്ളവര്‍ നടത്തിയ സമരമാണെന്നാണ് ദില്ലി പൊലീസിന്റെ വിചിത്രവാദം.

SHARE