ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട ഫീസ് വര്‍ധനവടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഉറപ്പുനല്‍കി. ജെ.എന്‍.യു വിദ്യാര്‍ത്ഥി പ്രസിഡന്റ് അയ്ഷി ഘോഷാണ് ഈ കാര്യം വ്യക്തമാക്കിയത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അയ്ഷി ഘോഷ് പ്രതികരിച്ചത്. ഫീസ് വര്‍ധന പിന്‍വലിക്കുക, ജെ.എന്‍.യു വി.സിയെ മാറ്റുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍.
ഫീസ് വര്‍ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ കുറച്ച് ദിവസമായി സമരം നടത്തി വരുകയായിരുന്നു. അതിനിടെ ജനുവരി അഞ്ചിന് ജെ.എന്‍.യു ക്യാമ്പസില്‍ വലിയ സംഘര്‍ഷമാണ് നടന്നത്. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷ് അടക്കം നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു.
ഫീസ് വര്‍ധന പിന്‍വലിക്കണമെന്നും വി.സിയെ മാറ്റണമെന്നുമാശ്യപ്പെട്ട് മാനവവിഭവ ശേഷി മന്ത്രാലയത്തിലേക്ക് നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറിയുമായി അതിന് ശേഷം നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവനുമുന്നിലേക്ക് നടന്ന മാര്‍ച്ചും പൊലീസ് തടയുകയും വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തി വീശുകയും ചെയ്തിരുന്നു.