അവസരം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യുവില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മുത്തുകൃഷ്ണന്‍

ഷംസീര്‍ കേളോത്ത്‌

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ എംഫില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മുത്തുകൃഷ്ണന്‍ ജീവാനന്ദം (രജനി കൃഷ്) ആത്മഹത്യ ചെയ്ത നിലയില്‍. ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസില്‍ എംഫില്‍ ചെയ്യുന്ന കൃഷിനെ മുനിര്‍ക വിഹാറിലുള്ള സുഹൃത്തിന്റെ വീട്ടിലാണ് തൂങ്ങിമരിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് സേലം സ്വദേശിയായ മുത്തുകൃഷ്ണന്‍ ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയാണ്.

അതീവ പിന്നാക്ക മേഖലയില്‍ നിന്ന് സ്വന്തം പ്രയത്‌നം കൊണ്ട് ഉയര്‍ന്നുവന്ന മുത്തുകൃഷ്ണന്‍ ജെ.എന്‍.യുവിലെ എംഫില്‍ / പിഎച്ച്ഡി പ്രവേശനത്തിലെ വിവേചനത്തെയും പ്രതിഷേധിക്കാനുള്ള അവകാശം അടിച്ചമര്‍ത്തുന്നതിനുമെതിരെയാണ് അവസാനമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ജോലിക്ക് ശ്രമിച്ചിരുന്നെങ്കിലും ദളിത് ആയതിനാല്‍ ജോലി ലഭിക്കാത്തത് മുത്തുകൃഷ്ണനെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആഴ്ചകള്‍ക്കിടെ സഹോദരിയുടെ കല്യാണം നടക്കാനിരിക്കെയാണ് മുത്തുകൃഷ്ണന്‍ ആത്മഹത്യ ചെയ്തത് എന്നത് സുഹൃത്തുക്കളെ നടുക്കിയിരിക്കുകയാണ്.

‘എം.ഫില്‍ / പിഎച്ച്ഡി അഡ്മിഷനില്‍ സമത്വം ഇല്ല. വൈവ-വോസിലും സമത്വം ഇല്ല. സമത്വം നിഷേധിക്കല്‍ മാത്രമാണുള്ളത്. പ്രൊഫ. സുഖദേവ് തോരാട്ടിന്റെ ശുപാര്‍ശകള്‍ തള്ളിക്കളയുന്നു. ആഡ്-ബ്ലോക്കിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ ഇടങ്ങള്‍ നിഷേധിക്കുന്നു. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസം നിഷേധിക്കുന്നു. സമത്വം നിഷേധിക്കപ്പെടുമ്പോള്‍ എല്ലാം നിഷേധിക്കപ്പെടുന്നു…’ എന്നായിരുന്നു മുത്തുകൃഷ്ണന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്.

ഇല്ലായ്മയില്‍ നിന്ന് വളര്‍ന്നുവന്ന തന്റെ ജീവിതാനുഭവങ്ങള്‍ ശക്തമായ ഭാഷയില്‍ ഫേസ്ബുക്കിലൂടെ മുത്തുകൃഷ്ണന്‍ പങ്കുവെക്കാറുണ്ടായിരുന്നു. ജെ.എന്‍.യുവില്‍ അഡ്മിഷന്‍ കിട്ടുന്നതിനു വേണ്ടിയുള്ള തന്റെ നിശ്ചയദാര്‍ഢ്യവും അധ്വാനവും 2016-ല്‍ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. നാലു തവണ ശ്രമിച്ചതിനു ശേഷമാണ് എംഫിലിന് അഡ്മിഷന്‍ ലഭിച്ചത്. സേലം ജില്ലയില്‍ നിന്നും സേലത്തെ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ നിന്നും ജെ.എന്‍.യുവില്‍ അഡ്മിഷന്‍ നേടുന്ന ആദ്യ വിദ്യാര്‍ത്ഥി താനാണെന്നും ആ കുറിപ്പില്‍ മുത്തുകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.