ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകാലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരായി ഇന്നലെ നടന്ന ആക്രണം ആസൂത്രിതമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തായി. പുറത്തിനിന്നുള്ള ഗുണ്ടകളെ ജെഎന്‍യുവിലേക്ക് എത്തിക്കാന്‍ ഡല്‍ഹി പൊലീസ് അടക്കം പലരേയും സ്വാധീനിച്ചതായുള്ള തെളിവുകളാണ് പുറത്തായത്. ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന പേരിലും യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന പേരിലുമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ പ്രചരിച്ചതായാണ് വിവരം.
ജെ.എന്‍.യുവിലെ ‘ദേശ വിരുദ്ധരെ’ ഇല്ലാതാക്കണമെന്നടക്കമുള്ള കാര്യങ്ങള്‍ ഈ സന്ദേശങ്ങളിലുണ്ട്. ജെഎന്‍യുവിലേക്കും ഹോസ്റ്റലിലേക്കും എത്താനുള്ള വഴികളും ഇതില്‍ പങ്കുവെച്ചിട്ടുണ്ട്. അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍. ഇത്തരത്തില്‍ പ്രചരിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലെ നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ പലരും ആര്എസ്എസ് പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാരാകായുധങ്ങളുമായി മുഖം മൂടി ധരിച്ച് വന്‍ സംഘം തലസ്ഥാന നഗരിയായ ഡല്‍ഹിയിലൂടെ ആരേയും കൂസാതെ ക്യാമ്പസിനകത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. ജാമിഅ സര്‍വകലാശായില്‍ കയറി പോലും അതിക്രമം കാണിച്ച ഡല്‍ഹി പൊലീസ് എബിവിപി ഗുണ്ടകള്‍ത്തെതിരെ നടപടിയെടു്ക്കാത്തതും വിവാദമായി. അക്രമം നടന്ന സമയത്ത് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു. അക്രമം ആസൂത്രിതമാണെന്നും ക്യാമ്പസിന് പുറത്ത് നിന്നുള്ള ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും നേരത്തെ തന്നെ വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചിരുന്നു.
അതേസമയം, ജെഎന്‍യുവിലെ മുഖംമൂടി ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്.