എന്‍.ഡി.എക്ക് സമ്മര്‍ദ്ദം; രാജ്യസഭാ സീറ്റ് വേണമെന്ന് ജിതിന്‍ റാം മാഞ്ചി

ബി.ജെ.പിയെ പിന്തുണക്കില്ലെന്ന് ഭീഷണി

പട്‌ന: ബിഹാറിലെ ഭരണകക്ഷിയായ എന്‍.ഡി.എയെ സമ്മര്‍ദ്ദത്തിലാക്കി മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്.എ.എം) നേതാവുമായ ജിതിന്‍ റാം മാഞ്ചി. മാര്‍ച്ച് 23ന് ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു സീറ്റ് തങ്ങള്‍വേണമന്ന് മാഞ്ചി ആവശ്യപ്പെട്ടു. സീറ്റ് ലഭിച്ചില്ലെങ്കില്‍ അടുത്തമാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ച് 11നാണ് അരാരിയ ലോക്‌സഭാ സീറ്റിലേക്കും ജഹനാബാദ്, ഭാഭുവാ നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജനതാദള്‍ യു നേതാവായിരുന്ന മാഞ്ചി 2015ല്‍ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് എച്ച്.എ.എം രൂപീകരിച്ചത്. ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണിയിലെത്തുകയായിരുന്നു.