‘ഒത്തുപോകാന്‍ കഴിയില്ല’; ജിഷയുടെ അമ്മയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു. രാജേശ്വരിയുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ലെന്ന വനിതാ പൊലീസുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

രാജേശ്വരിയുടെ പെരുമാറ്റം ശരിയായിരുന്നില്ലെന്ന് വനിതാപൊലീസുകാര്‍ പരാതിയില്‍ പറയുന്നു. മുടി ചീകിക്കെട്ടുന്ന ജോലിവരെ ചെയ്യിപ്പിച്ചു. ആസ്പത്രിയില്‍ കഴിയുമ്പോള്‍ കട്ടിലിന് താഴെയാണ് വനിതാ പൊലീസുകാരെ കിടത്തിയിരുന്നത്. വിസമ്മതിച്ചാല്‍ മോശമായി പെരുമാറിയെന്ന് പറഞ്ഞ് പരാതി നല്‍കുമെന്ന് രാജേശ്വരി ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കേസിലെ പ്രതി ജയിലിലാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് സുരക്ഷാഭീഷണി ഇല്ലെന്നും ജോലി ഒഴിവാക്കണമെന്നുമാണ് വനിതാപൊലീസുകാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറും രണ്ട് വനിതാപൊലീസുകാരുടെ സുരക്ഷയാണ് രാജേശ്വരിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. രാജേശ്വരി പോകുന്നിടത്തെല്ലാം പൊലീസ് കൂടെപ്പോയിരുന്നു. റൂറല്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ നിന്നുള്ള വനിതാ പൊലീസുകാരെ മാറിമാറിയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്.