43,574 കോടി, ലോക്ക്ഡൗണിലെ ഏറ്റവും വലിയ ഡീല്‍; ഇതു ചരിത്രം തിരുത്തും- മുകേഷ് അംബാനി-സക്കര്‍ബര്‍ഗ് ടീം ഇന്ത്യയിലെ റീട്ടെയില്‍ വിപണി കീഴടക്കും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ചില്ലറ വില്‍പ്പന മേഖലയില്‍ റിലയന്‍സ് പിടിമുറുക്കാന്‍ ഇനി അധികകാലം വേണ്ടി വരില്ല. ലോകത്തെ ഏറ്റവും വലിയ സാമൂഹിക മാദ്ധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കുമായി റിലയന്‍സ് ജിയോ ഉണ്ടാക്കിയ കരാര്‍ അതിലേക്കുള്ള കൃത്യമായ ദിശാസൂചികയാണ്. റിലയന്‍സ് ജിയോ ലിമിറ്റഡിലെ 9.99 ശതമാനം ഓഹരിയേ ഫേസ്ബുക്ക് വാങ്ങിയുള്ളൂ എങ്കിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തന്നെ മാറ്റി മറിക്കാനുള്ള ശേഷി ഈ ഡീലിന് ഉണ്ട് എന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

പത്തു ശതമാനം ഓഹരിക്ക് 43,574 കോടി

43,574 കോടി രൂപയാണ് (5.7 ബില്യണ്‍ യു.എസ് ഡോളര്‍) ജിയോയിലെ പത്തു ശതമാനം ഓഹരിക്കായി സക്കര്‍ബര്‍ഗ് മുടക്കിയത്. ഒരു ന്യൂനപക്ഷ ഓഹരിക്കായി ഏതെങ്കിലും ഒരു കമ്പനി ഇന്ത്യയില്‍ മുടക്കുന്ന ഏറ്റവും വലിയ തുകയാണിത്. രാജ്യത്തെ സാമ്പത്തിക നിക്ഷേപത്തിനായുള്ള ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) കൂടിയാണിത്.

മുകേഷ് അംബാനി

എണ്ണ വിലയിലെ വിലയിടിവുകള്‍ കമ്പനിയെ സാരമായി ബാധിച്ച വേളയില്‍ക്കൂടിയാണ് ഫേസ്ബുക്കില്‍ നിന്ന് ശതകോടികളുടെ നിക്ഷേപം റിലയന്‍സിന്റെ ഡിജിറ്റല്‍ ആസ്തിയിലെത്തുന്നത്.

വരുന്നു ജിയോ മാര്‍ട്ട്

ഫേസ്ബുക്കിന്റെ ഉടമസ്ഥയിലുള്ള വാട്‌സ് ആപ്പുമായി സഹകരിച്ച് വരുന്ന ജിയോ മാര്‍ട്ട് ആണ് ഈ ഡീലിന്റെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. വാട്‌സ് ആപ്പ് ഉപയോഗിച്ച് ചില്ലറ വില്‍പ്പന മേഖലയില്‍ കൈ വയ്ക്കുക എന്നതു തന്നെ തന്ത്രം. ഇത് ചില്ലറക്കാര്യമല്ല.

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം 40 കോടി പേര്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇന്ത്യയില്‍ ആകെ 45 കോടി സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളാണ് ഉള്ളത്. ഇതില്‍ അഞ്ചു കോടി പേര്‍ക്ക് മാത്രമാണ് വാട്‌സ് ആപ്പ് ഇല്ലാത്തത്. ഈ വിഭവ ശേഷിയാണ് ജിയോ തങ്ങളുടെ ചില്ലറ വില്‍പ്പന മേഖലയില്‍ ഉപയോഗിക്കുക. ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുമായും പലചരക്കു കടകളുമായും ചേര്‍ന്നാണ് ജിയോ മാര്‍ട്ട് ഒരുങ്ങുന്നത്.

മാര്‍ക്ക് സക്കര്‍ബര്‍ഗ്

ജിയോ-ഫേസ്ബുക്ക് കൂട്ടുകെട്ട് ബിഗ് ബാസ്‌കറ്റ്, ഗ്രോഫര്‍, സിലിക്കന്‍വാലി ഭീമന്മാരായ ആമസോണ്‍, വാള്‍മാര്‍ട്ട് എന്നിവയ്‌ക്കെല്ലാം ഭീഷണിയുയര്‍ത്തുമെന്ന് ഉറപ്പ്.

വാട്ട് ഈസ് ഇന്‍ വാട്‌സ് ആപ്പ്

ജിയോ വഴി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് വാട്‌സ് ആപ്പ് എത്തുമെന്നതാണ് യു.എസ് കമ്പനിയുടെ നേട്ടം. വാട്‌സ് ആപ്പ് വഴി യു.പി.ഐ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനവും വരുന്നതോടെ അതിന്റെ കരുത്ത് ഇരട്ടിക്കും. ഈയിടെയാണ് പേ ടിഎം പോലുള്ള പേയ്‌മെന്റ് സര്‍വീസിന് വാട്ട്‌സ് ആപ്പിന് അനുമതി ലഭിച്ചത്.

ഇന്ത്യയിലെ 75 ശതമാനം ചില്ലറ വില്‍പ്പന മേഖലയും ഇപ്പോഴും പരമ്പരാഗത കച്ചവടമാണ് നടത്തുന്നത്. 18 ശതമാനം സംഘടിത കച്ചവടമാണ്. ഏഴു ശതമാനം ഇ കൊമേഴ്‌സും. 75 ശതമാനം വരുന്ന പരമ്പരാഗത കച്ചവട മേഖലയിലാണ് ജിയോ മാര്‍ട്ടിന്റെ കണ്ണ്.

സൂപ്പര്‍ ആപ്പാകുമോ വാട്‌സ് ആപ്പ്

വാട്‌സ് ആപ്പും ജിയോ മാര്‍ട്ടും ചേരുന്നതോടെ ചൈനയിലെ വി ചാറ്റ് പോലെ, വാട്‌സ് ആപ്പ് ഒരു സൂപ്പര്‍ ആപ്പാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പേയ്‌മെന്റ് സൗകര്യമാണ് വി ചാറ്റിനെ വ്യത്യസ്തമാക്കുന്നത്. വി ചാറ്റ് ഉപയോഗിച്ച് ചൈനയില്‍ ഏതു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഏതു ചെറിയ കടയില്‍ നിന്നും വരെ സാധനങ്ങള്‍ വാങ്ങാം. പേ ടി.എം പോലെ തന്നെ. എന്നാല്‍ പേ ടി.എം ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം മാത്രമാണെങ്കില്‍ വി ചാറ്റ് പേയ്‌മെന്റ്-കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമാണ്.

എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ നല്‍കുന്നതു കൊണ്ടാണ് വി ചാറ്റിനെ സൂപ്പര്‍ ആപ്പ് എന്നു വിളിക്കുന്നത്. ഒരു കാര്‍ വിളിക്കാനോ, ഹോട്ടല്‍ ബുക്ക് ചെയ്യാനോ, വിമാന ടിക്കറ്റ് എടുക്കാനോ, എന്തിന് ഒരു സിനിമാ ടിക്കറ്റ് തരപ്പടുത്താനോ മറ്റൊരു ആപ്ലിക്കേഷന്‍ വേണ്ടി വരില്ല.

ഇന്ത്യയില്‍ ഇവ എല്ലാറ്റിനുമായി ഗൂഗ്ള്‍ പേ, പേ ടിഎം, സൊമാറ്റോ തുടങ്ങിയ നിരവധി സംവിധാനങ്ങളാണ് ഉള്ളത്. ഇതെല്ലാം ഒരു കുടക്കീഴില്‍ വന്നാല്‍ അത്ഭുതങ്ങള്‍ സംഭവിക്കും എന്നാണ് ഫേസ്ബുക്കിന്റെയും ജിയോയുടെയും വിലയിരുത്തല്‍.