69,381 കോടിയുടെ സ്‌പെക്ട്രം അഴിമതി; കേന്ദ്രം വെട്ടില്‍

സ്വന്തം ലേഖകര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്രടെലികോം മന്ത്രാലയത്തിനുമെതിരെ ഗുരുതര അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്. ചെറിയ ദൂരപരിധിയില്‍ മൊബൈല്‍ സിഗ്‌നലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് സ്‌പെക്ട്രം ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും, സിസ്‌റ്റെമെ ശ്യാം എന്ന കമ്പനിക്കും നല്‍കി എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ഇതുവഴി 69,381 കോടി രൂപ പൊതു ഖജനാവിന് നഷ്ടമുണ്ടായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞആഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത്. 2015ല്‍ മൈക്രോവേവ് സ്‌പെക്ട്രം ഒരു കമ്പനിക്ക് ‘ആദ്യം വന്നവര്‍ക്ക് ആദ്യം’ (എഫ്.സി.എഫ്.എസ്) എന്ന രീതിയില്‍ കരാറാക്കി നല്‍കി എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഏത് കമ്പനിക്കാണ് നല്‍കിയതെന്നും, എത്ര രൂപയുടെ നഷ്ടം ഇതുവഴി സര്‍ക്കാരിനുണ്ടായി എന്നും സിഎജി റിപ്പോര്‍ട്ടിലില്ല. അതേ സമയം 101 കമ്പനികള്‍ മൈക്രോവേവ് സ്‌പെക്ട്രത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുമ്പോള്‍ ഇത്തരത്തില്‍ കരാര്‍ നല്‍കിയത് നഷ്ടമുണ്ടാക്കും എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാത്രമല്ല, ആദ്യം വന്നവര്‍ക്ക് ആദ്യം കരാര്‍ നല്‍കുകയെന്നത് ടെലികോം മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഏത് സ്‌പെക്ട്രവും ലേലം ചെയ്താണ് ടെലികോം മന്ത്രാലയം നല്‍കാറുള്ളത്. 2012ലെ ടുജി കേസില്‍ സുപ്രീം കോടതി വിധിക്ക് വിരുദ്ധമായാണ് കേന്ദ്ര സര്‍ക്കാര്‍ മൈക്രോവേസ് സ്‌പെക്ട്രം നല്‍കിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. റിലയന്‍സ് ജിയോക്കാണ് ആദ്യം ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൈക്രോവേവ് സ്‌പെക്ട്രം കരാര്‍ നല്‍കിയത്. പിന്നീട് സിസ്‌റ്റെമെ ശ്യാം എന്ന കമ്പനിക്കും കരാര്‍ നല്‍കി. ഇത് അഴിമതിയാണെന്നും എഐസിസി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. എന്നാല്‍ ചട്ടങ്ങള്‍ പാലിച്ച് തന്നെയാണ് മൈക്രോവേവ് സ്‌പെക്ട്രം നല്‍കിയതെന്നും മാര്‍ക്കറ്റ് വിലയ്ക്കനുസരിച്ച് നിരക്ക് നിശ്ചയിച്ചാല്‍ ആ വില തരണമെന്ന വ്യവസ്ഥപ്രകാരമാണ് ജിയോക്കും സിസ്‌റ്റെമെ ശ്യാമിനും കരാര്‍ നല്‍കിയിരിക്കുന്നതെന്നുമാണ് ടെലികോം മന്ത്രാലയത്തിന്റെ വിശദീകരണം.
ടവറുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളെ ബന്ധിപ്പിക്കുന്ന സ്‌പെക്ട്രത്തിന് ആക്‌സസ് സ്‌പെക്ട്രം എന്നാണ് പറയുന്നത്. ടവറുകളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് മൈക്രോവേവ് സ്‌പെക്ട്രം പൊതുവേ ഉപയോഗിക്കുന്നത്. ആക്‌സസ് സ്‌പെക്ട്രം ലേലം ചെയ്യാനും. എന്നാല്‍ മൈക്രോവേവ് സ്‌പെക്ട്രം ലേലം ചെയ്യേണ്ടതില്ലെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം കഴിഞ്ഞ ജൂണില്‍ തീരുമാനിച്ചത്. നാല് വര്‍ഷത്തിനിടെ ടെലികോം മേഖലയില്‍ മാത്രം മൂന്ന് വന്‍ അഴിമതിയാണ് നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.