ഒരു മാസം കൊണ്ട് ‘ജിയോ’ക്ക് ലോക റെക്കോര്‍ഡ്; ഫേസ്ബുക്കിനെയും വാട്ട്‌സാപ്പിനെയും കടത്തിവെട്ടി

മുംബൈ: റിലയന്‍സ് ഇന്‍സ്ട്രീസിന്റെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സംരംഭമായ റിയോ പരീക്ഷണ പ്രവര്‍ത്തനം തുടങ്ങിയ ഒരു മാസത്തിനകം ലോക റെക്കോര്‍ഡിട്ടു. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 1.6 കോടി ഉപഭോക്താക്കളെ സമ്പാദിക്കുന്ന മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപറേറ്റര്‍ എന്ന റെക്കോര്‍ഡ് തങ്ങള്‍ സ്വന്തമാക്കിയതായി ജിയോ അവകാശപ്പെട്ടു. 26 ദിവസം കൊണ്ടാണ് 16 ദശലക്ഷം എന്ന നാഴികക്കല്ല് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ പിന്നിട്ടിരിക്കുന്നത്.

വേഗത്തില്‍ ഉപഭോക്താക്കളെ കണ്ടെത്തുന്ന കാര്യത്തില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളെ മാത്രമല്ല, ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, സ്‌കൈപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാ സംരംഭങ്ങളെയും തങ്ങള്‍ പിന്നിലാക്കിയതായി ജിയോ പറയുന്നു.

ജിയോ വെല്‍ക്കം ഓഫറിനു ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും ഡാറ്റയുടെ കരുത്തുപയോഗിച്ച് ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കുകയാണ് ജിയോയുടെ ലക്ഷ്യമെന്നും മുകേഷ് അംബാനി പത്രക്കുറിപ്പില്‍ പറഞ്ഞു. ഇന്ത്യയിലെ 3100 നഗരങ്ങളില്‍ ആധാര്‍ ഉപയോഗിച്ചുള്ള പേപ്പര്‍ലെസ് സിം ആക്ടിവേഷന്‍ വഴി മിനുട്ടുകള്‍ക്കുള്ളില്‍ ജിയോ ആക്ടിവേഷന്‍ പൂര്‍ത്തിയാക്കാമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ജിയോയുടെ 16 ദശലക്ഷം എന്ന റെക്കോര്‍ഡ് #JioWorldRecord എന്ന പേരില്‍ ഇത് ഇന്ത്യന്‍ ട്വിറ്ററില്‍ തരംഗമായിട്ടുണ്ട്.

reliance

SHARE