മുംബൈ: കൊറോണവൈറസ് മുന്‍നിര ടെലികോം കമ്പനികള്‍ക്കും വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കൊറോണ കാരണം മിക്ക കമ്പനികളും സാമ്പത്തികമായി വന്‍ പ്രതിസന്ധി നേരിടുമ്പോള്‍ തന്നെ ചിലര്‍ വരിക്കാരെ നേടുന്നതിലും പരാജയപ്പെട്ടു. ട്രായിയുടെ മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ ജിയോയും ബിഎസ്എന്‍എലും മാത്രമാണ് പിടിച്ചുനിന്നത്. എന്നാല്‍, വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്പനികള്‍ക്ക് മാര്‍ച്ചില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. ജനുവരിയിലും ഫെബ്രുവരിയിലും തിരിച്ചടിയായിരുന്നു. വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്പനികള്‍ക്ക് മാത്രമായി മാര്‍ച്ചില്‍ 76.15 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്.
എന്നാല്‍ മാര്‍ച്ചില്‍ 46 ലക്ഷം പുതിയ വരിക്കാരെ മാത്രമാണ് ജിയോക്ക് ലഭിച്ചത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 38.78 കോടിയായി. മാര്‍ച്ചില്‍ 31 നു ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 115.77 കോടിയാണ്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 63.53 ലക്ഷം വരിക്കാരെയാണ്. വോഡഫോണ്‍ ഐഡിയയുടെ മൊത്തം വരിക്കാരുടെ എണ്ണം 31.91 കോടിയാണ്.