അടുത്തവര്‍ഷത്തോടെ സ്വന്തമായ 5ജി നെറ്റ്വര്‍ക്ക് ആരംഭിക്കുമെന്ന് റിലയന്‍സ് ജിയോ. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ സ്ഥാപകന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
‘പൂജ്യത്തില്‍ നിന്ന് ആരംഭിച്ച ജിയോ പൂര്‍ണതയുള്ള ഒരു 5ജി സൊലൂഷ്യന്‍ രൂപപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയില്‍ ലോകോത്തരമായ ഒരു 5ജി സേവനം നല്‍കുക എന്ന ലക്ഷ്യത്തിലെത്താന്‍ ഇത് സഹായിക്കും. 100 ശതമാനവും തനതായ സാങ്കേതികവിദ്യയേയാണ് ഇതിനായി ആശ്രയിക്കുന്നത്,’ റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ മുകേഷ് അംബാനി പറഞ്ഞു.
റിലയന്‍സിന്റെ ജിയോ അടക്കം ഇന്ത്യയിലെ പ്രധാന നെറ്റ്വര്‍ക്ക് സേവനദാതാക്കളെല്ലാം നിലവില്‍ ഉപയോഗിക്കുന്നത് 4 ജി എല്‍ടിഎ കണക്ഷനാണ്. 5ജി എത്തുന്നതോട് കൂടി ഇന്റര്‍നെറ്റിന്റെ ഡൗണ്‍ലോഡ്, അപ്ലോഡ് വേഗത നല്ല രീതിയില്‍ മെച്ചപ്പെടും. 2021ല്‍ മാത്രമേ ഇന്ത്യ 5 ജി സ്‌പെക്ട്രം ആരംഭിക്കൂ. ടെലികോം മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇത്.
അതേസമയം ഗൂഗിളും ഫെയ്സ്ബുക്കും അടക്കമുള്ള ആഗോള ഭീമന്മാരാണ് റിലയന്‍സ് ജിയോയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ജിയോ സേവനങ്ങളുടെ 7.7 ശതമാനം ഓഹരിക്കായി 33,737 കോടി രൂപയുടെ നിക്ഷേപമാണ് ഗൂഗിള്‍ നടത്തിയിരിക്കുന്നത്. സില്‍വര്‍ലേക്, കെകെആര്‍, ടിപിജി, ഇന്റല്‍, ക്വല്‍കോം തുടങ്ങിയവരാണ് മറ്റ് പ്രധാന നിക്ഷേപകര്‍.
ഇന്ത്യയില്‍ പത്ത് മില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ഓഹരിയായും പങ്കാളിത്തമായുമാണ് ഈ നിക്ഷേപങ്ങള്‍ നടപ്പാക്കുകയെന്ന് ഗൂഗിള്‍ ഈയടുത്ത് വ്യക്തമാക്കിയിരുന്നു.