‘എന്റെ സഹോദരന്‍ ചന്ദ്രശേഖര്‍ ആസാദിനെ അവര്‍ പീഡിപ്പിക്കുകയാണ്’;റിപ്പോര്‍ട്ട് പുറത്തുവിട്ട് ജിഗ്‌നേഷ് മേവാനി

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം മുന്നില്‍ നിന്ന് നയിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയിലില്‍ പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി. ട്വിറ്ററിലൂടെയായിരുന്നു ജിഗ്‌നേഷിന്റെ പ്രതികരണം.

എന്റെ സഹോദരന്‍ ജയിലില്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് വിട്ടയക്കണം. അംബേദ്കര്‍ സ്വപ്‌നം കണ്ടത് നേടിയെടുക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് ലഭിക്കട്ടേയെന്നും മേവാനി പറഞ്ഞു. ആസാദിനെ ഡിസംബര്‍ 21നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജമാ മസ്ജിദിലെ പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖര്‍ കസ്റ്റഡിയില്‍ പോകാന്‍ തയ്യാറായത്.

പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജമാ മസ്ജിദിന് പുറത്തുവെച്ച് പൊലീസ് പിടികൂടി. പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആള്‍ക്കൂട്ടത്തിന് സമീപമെത്തി പ്രതിഷേധം തുടര്‍ന്നത്. ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു പ്രതിഷേധം.

SHARE