ഗുജറാത്തിലെ ദരിദ്ര എം.എല്‍.എ ജിഗ്നേഷ്; ധനികന്‍ ബി.ജെ.പി എം.എല്‍.എ സൗരഭ് യശ്വന്ത്ഭായി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്തുവന്നു. ഏറെ വാശിയോടെയായിരുന്നു തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടങ്ങളെല്ലാം. ദളിത് ആക്റ്റിവിസ്റ്റ് ജിഗ്നേഷും അല്‍പേഷ് താക്കൂറും ഹാര്‍ദ്ദിക് പട്ടേലും കോണ്‍ഗ്രസ്സിനൊപ്പം നിന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടായി. 182എം.എല്‍.എമാര്‍ അധികാരമേല്‍ക്കാനിരിക്കുന്ന സാഹചര്യത്തില്‍ എം.എല്‍.എമാരുടെ ആസ്തിവിവരക്കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. ഇതനുസരിച്ച് എം.എല്‍.എമാരില്‍ ദരിദ്രന്‍ ജിഗ്നേഷ് മേവാനിയാണ്. എംഎല്‍എമാരില്‍ ഏറ്റവും സമ്പന്നനായി കാണുന്നത് ബി.ജെ.പി എം.എല്‍.എ സൗരഭ് യശ്വന്ത്ഭായി ദലാല്‍ പട്ടേലുമാണ്.

വഡ്ഗാമില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ജിഗ്നേഷ് വിജയിച്ചത്. ജിഗ്‌നേഷിന്റെ ആകെ ആസ്തി 10 ലക്ഷം രൂപയാണ്. 123 കോടി രൂപയുടെ ആസ്തിയാണ് സൗരഭ് പട്ടേലിനുള്ളത്. 182 എം.എല്‍.എമാരില്‍ 141 പേര്‍ കോടീശ്വരന്മാരാണ്. ഇതില്‍ 84 പേര്‍ ബി.ജെ.പി എം.എല്‍.എമാരും 54 പേര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുമാണ്. കഴിഞ്ഞ നിയമസഭയില്‍ 134 പേരാണ് കോടീശ്വരന്മാരായി ഉണ്ടായിരുന്നതെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വ്യക്തമാക്കുന്നു.