മാണിക്യ മലരായ പൂവി, ആര്‍.എസ്.എസിനുള്ള മറുപടിയെന്ന് ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്: വാലന്റൈന്‍സ് ഡേക്കെതിരെ പ്രതിഷേധവുമായി എത്തുന്ന ആര്‍.എസ്.എസിനുള്ള മറുപടിയാണ് മാണിക്യ മലരായ പൂവി എന്ന ഗാനമെന്ന് ദളിത് ആക്റ്റിവിസ്റ്റും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ഒരാളെ വെറുക്കുന്നതല്ല, സ്‌നേഹിക്കുന്നതാണ് നല്ലതെന്ന് ഈ പാട്ട് ഹിറ്റാക്കി ഇന്ത്യക്കാര്‍ വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് മേവാനി പറഞ്ഞു. ട്വിറ്ററിലൂടെ ഗാനം ട്വീറ്റ് ചെയ്താണ് മേവാനിയുടെ പരാമര്‍ശം.

അതേസമയം, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി. തെലങ്കാനയില്‍ ഒരു സംഘം മുസ്ലീം യുവാക്കള്‍ ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യര്‍ക്കെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കി.

ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം അടുത്തിടെയാണ് റിലീസ് ചെയ്തത്. യു ട്യൂബിലടക്കം മണിക്കൂറുകള്‍ക്കുള്ളില്‍ ഹിറ്റായ ഗാനം പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നാണ് ഉയര്‍ന്നുവന്ന ആരോപണം. ഇത് ചൂണ്ടിക്കാണിച്ച് യുവാക്കള്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ പ്രവാചക വിരുദ്ധത വ്യക്തമായെന്നും പരാതിയില്‍ പറയുന്നു.