ജാര്‍ഖണ്ഡ്; ഒരു വര്‍ഷത്തിനിടെ ബി.ജെ.പിക്ക് നഷ്ടപ്പെടുന്ന അഞ്ചാമത്തെ സംസ്ഥാനം

റാഞ്ചി: രാജ്യം ബി.ജെ.പി മുക്തമാവുന്നതിന്റെ ശുഭ സൂചന നല്‍കി ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം. ബി.ജെ.പിക്ക് കേവലം ഒരു വര്‍ഷംക്കൊണ്ട് നഷ്ടമാകുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പിന്നാലെയാണ് ജാര്‍ഖണ്ഡിലും ബി.ജെ.പിക്ക് അധികാരം നഷ്ടമായിരിക്കുന്നത്. രണ്ട് മാസം മുമ്പ് മഹാരാഷ്ട്രയ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഹരിയാണയില്‍ ദുഷ്യന്ത് ചൗട്ടാല പിന്തുണച്ചില്ലായിരുന്നെങ്കില്‍ അവിടെയും പരാജയപ്പെടുമായിരുന്നു.

ദേശീയ പൗരത്വനിയമവും എന്‍.ആര്‍.സിയും സംബന്ധിച്ച് രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് മറ്റൊരു സംസ്ഥാനം കൂടി ബി.ജെ.പിക്ക് നഷ്ടമായിരിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ കീഴില്‍ ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വര്‍ഷം കൂടിയായിരുന്നിട്ടും സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തെ കൂടാതെ ജമ്മു കശ്മീന്റെ പ്രത്യേക പദവി എടുത്ത് കളയല്‍ തുടങ്ങിയ കാര്യങ്ങളായിരുന്നു ജാര്‍ഖണ്ഡിലുടനീളം ബി.ജെ.പിയുടെ പ്രചാരണത്തിലുണ്ടായിരുന്നത്. നാല് മാസത്തിനുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് അമിത് ഷാ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രഖ്യാപിച്ചിരുന്നു. മോദിയും അമിത് ഷായും സ്മൃതി ഇറാനിയുമെല്ലാം വര്‍ഗീയത വാരിവിളമ്പിയിട്ടും ജാര്‍ഖണ്ഡിലെ ജനങ്ങള്‍ മതേതര ചേരിക്കൊപ്പം നില്‍ക്കുകയായിരുന്നു.

SHARE