ജാര്‍ഖണ്ഡില്‍ മഹാസഖ്യം കേവല ഭൂരിപക്ഷത്തില്‍; ആഹ്ലാദ പ്രകടനവുമായി കോണ്‍ഗ്രസ്

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപിക്ക് കാലിടറുന്നുവെന്ന സൂചനകള്‍ നല്‍കി തെരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിച്ച കോണ്‍ഗ്രസ് സഖ്യം പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടത്തിലെത്തിയിരുന്നു എന്നാല്‍ വീണ്ടും മഹാസഖ്യം കേവല ഭൂരിപക്ഷത്തിലെത്തുന്നതാണ് കാഴ്ച. കോണ്‍ഗ്രസ്-ജെ.എം.എം-ആര്‍.ജെ.ഡി സഖ്യം 41 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ബി.ജെ.പി 30 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

വോട്ടെണ്ണല്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബഹുദൂരം മുന്നിലെത്തിയ മഹാസഖ്യം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ പിന്നാക്കം പോയി. ബിജെപി മുന്നിലെത്തുകയും ആകെയുള്ള 81 സീറ്റില്‍ 39 ഇടത്തും ലീഡ് പിടിച്ചു.

എന്നാല്‍ നാലാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടന്നപ്പോള്‍ വീണ്ടും മഹാസഖ്യം മുന്നിലെത്തി. ഏറ്റവും ഒടുവിലത്തെ സൂചനകള്‍ പ്രകാരം കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 41 സീറ്റുകളിലാണ് യുപിഎ സഖ്യം മുന്നേറുന്നത്. മഹാസഖ്യത്തില്‍ പ്രധാനകക്ഷിയായ ജെഎംഎം 25 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും ആര്‍ജെഡി രണ്ട് സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജാര്‍ഖണ്ഡില്‍ വന്‍ പ്രചരണമാണ് നടത്തിയിരുന്നത്. മോദി സര്‍ക്കാറിനെയും ആര്‍എസ്എസിനേയും വിമര്‍ശിച്ച് വിവിധ റാലികളെ അഭിസംബോധന ചെയ്ത് രാഹുല്‍ നടത്തിയ പ്രസംഗങ്ങള്‍ വലിയ പ്രചാരം നേടിയിരുന്നു.

ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരു കടന്നാക്രമണം നടത്തുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രചാരണം. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശവും സവര്‍ക്കര്‍ പരാമര്‍ശവും ബിജെപിയുടെ മുനയൊടിക്കുന്നതായിരുന്നു. ജെഎംഎമ്മും ആര്‍ജെഡിയുമായുള്ള സഖ്യം ജാര്‍ഖണ്ഡിനെ കൂടുതല്‍ ശക്തമാക്കുമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

SHARE