ജാര്‍ഖണ്ഡില്‍ പോളിങിനിടെ മാവോയിസ്റ്റ് ആക്രമണം

ഗുംല: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോല്‍ മാവോയിസ്റ്റ് ആക്രമണം. ഗുംല ജില്ലയിലാണ് ആക്രമണം ഉണ്ടായത്.

ഒരു പാലം മാവോയിസ്റ്റുകള്‍ പൂര്‍ണമായും ബോംബിട്ട് തകര്‍ത്തിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. അക്രമ സംഭവം പോളിങ്ങിനെ ബാധിച്ചിട്ടില്ലെന്നും പോളിങ് തുടരുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ശശി രജ്ഞന്‍ അറിയിച്ചിട്ടുണ്ട്.ജാര്‍ഖണ്ഡില്‍ ആറു ജില്ലകളിലെ 13 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.ചത്ര, ഗുംല, ബിഷന്‍പുര്‍, ലോഹാര്‍ദാഗ, മാനിക, ലത്തേഹാര്‍, പന്‍കി, ദല്‍ത്തോഗഞ്ച്, ബിശ്രംപുര്‍, ഛത്തര്‍പൂര്‍, ഹുസ്സൈനാബാദ്, ഗാര്‍ഗ്വ, ഭവനാഥ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

നക്‌സല്‍ ബാധിത മേഖലകളായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളാണ് ഇതില്‍ പലതും. മൂന്നുമണിക്കാണ് പോളിംഗ് അവസാനിക്കുക. അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 20ന് വോട്ടെടുപ്പ് അവസാനിക്കും. 23ന് ഫലം പ്രഖ്യാപിക്കും.

SHARE