രാജസ്ഥാന് പിന്നാലെ ജാര്‍ഖണ്ഡിലും അട്ടിമറിനീക്കവുമായി ബിജെപി?; വിമത സ്വരം ഉയരുന്നു

റാഞ്ചി: ബിജെപിയുടെ കുതിരക്കച്ചവടം തുറന്നുകാട്ടപ്പെട്ട കര്‍ണാടകയിലേയും മധ്യപ്രദേശിലേയും വിമത നീക്കത്തിന് പിന്നാലെ ജാര്‍ഖണ്ഡിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ വിമത എംഎല്‍എമാരുടെ നീക്കത്തിന്റെ അതൃപ്തി പുകയുന്നു. രാജ്യത്തിന്റെ അധികാരം കയ്യാളുന്ന ബിജെപിയുടെ ഭീഷണിയും സമ്മര്‍ദ്ദവും വാഗ്ദാനങ്ങളും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ഉയരുന്നതിനിടെയാണ് ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ സര്‍ക്കാരിനെതിരെയും പ്രശ്നങ്ങള്‍ തലപൊക്കുന്നത്. നിയമസഭ വിളിച്ചുകൂട്ടാന്‍ പോലും മുഖ്യമന്ത്രിയെ അനുവദിക്കാത്ത തരത്തില്‍ രാജസ്ഥാനില്‍ ഗവര്‍ണര്‍ തലത്തില്‍ പോലും നേരിട്ടുള്ള ഇടപെടലുകളും രാഷ്ട്രീയ പ്രതിസന്ധിയും തുടരുന്നതിനിടെയാണ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് ജാര്‍ഖണ്ഡിലും പ്രശ്നങ്ങള്‍ തലപൊക്കുന്നത്.

കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സംഭവിച്ചത് പോലെ ബിജെപി വിലപേശലിന്റെ സൃഷ്ടിയെന്നോണം ഹേമന്ത് സോറന്‍ സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ ഭീഷണിയിലാക്കി വിമത നീക്കത്തിന് പിന്നില്‍ ഏഴോളം കോണ്‍ഗ്രസ് എംഎല്‍എമാരാണെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഹേമന്ത് സോറനുമായി ഈ നേതാക്കള്‍ അഭിപ്രായ ഭിന്നത രൂക്ഷമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാരില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പ്രധാന്യം ലഭിക്കുന്നില്ലെന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഭിന്നത ഉയരുന്നതെന്നായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ വിമത നീക്കം നടത്തുന്ന എംഎല്‍എമാരുടെ നോട്ടം ഒഴിഞ്ഞ് കിടക്കുന്ന കാബിനറ്റ് മന്ത്രി സ്ഥാനമാണെന്നാണ് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ചില എം എല്‍ എമാരുടെ ലക്ഷ്യം സ്ഥാനമാനങ്ങള്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ശക്തമായിട്ടുണ്ട്. കേബിനറ്റ് സ്ഥാനം മോഹിച്ച ജോതിരാധിത്യ സിന്ധ്യ വിമത നീക്കം നടത്തിയ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായിരുന്നു. രാജസ്ഥാനില്‍ സഭ പോലും വിളിക്കാനാവാതെ അശോക് ഗഹ്ലോട്ട് സര്‍ക്കാര്‍ പ്രതിസന്ധിയില്‍ തുടരുകയാണ്. ഇതിന് പിന്നാലെയാണ് ജാര്‍ഖണ്ഡിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കിടയില്‍ അതൃപ്തി പുകയുന്നത്. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ഹേമന്ത് സോറന്‍ സര്‍ക്കാറിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുതിര്‍ന്ന മൂന്ന് എംഎല്‍എമാരായ ഇര്‍ഫാന്‍ അന്‍സാരി, ഉമശങ്കര്‍ അകേക, രാജേഷ് കശ്യപ് എന്നിവര്‍ ബുധനാഴ്ച ഡല്‍ഹിയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുമായും അഹമ്മദ് പട്ടേലുമായും ഇവര്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിക്കും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഇവര്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജാര്‍ഖണ്ഡ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരെ ഉള്‍പ്പെടുത്താന്‍ സാധിക്കും എന്നാല്‍ ഇതുവരെ 11 മന്ത്രിമാര്‍ മാത്രമാണ് സോറന്‍ സര്‍ക്കാറിലുള്ളത്.

എന്നാല്‍ കോൺഗ്രസ് എംഎൽഎമാരുടെ നീക്കത്തിന് പിന്നിൽ ബിജെപിയുടെ ഇടപെടൽ ആണെന്ന വാർത്തകളും ഉയരുന്നുണ്ട്. എം എൽ എമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമം നടത്തുന്നുണ്ടെന്നും അതിൻ്റെ ഫലങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ധനകാര്യ മന്ത്രിയും പിസിസി അധ്യക്ഷനുമായ രാമേശ്വര്‍ ഒറോണ്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ബാബുലാല്‍ മറാണ്ടിയുടെ ജെവിഎം എംഎല്‍എ പ്രദീപ് യാദവ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതും കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു. ബാബുലാല്‍ മറാണ്ടിയുടെ പാര്‍ട്ടി ബിജെപിയുമായി ലയിച്ചിരുന്നെങ്കിലും പ്രദീപ് യാദവ് നേരത്തെ കോണ്‍ഗ്രസ് സഖ്യത്തോടൊപ്പമായിരുന്നു.

അതേസമയം, മധ്യപദേശില്‍ കമല്‍ നാഥ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്കെതിരെ ഹേമന്ത് സോറന്‍ തുറന്നടിച്ചിരുന്നു. സര്‍ക്കാറിനെ അട്ടിമറിക്കുന്ന നിരവധി സംഭവങ്ങള്‍ രാഷ്ട്രീയത്തില്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ എല്ലാറ്റിനും പിന്നില്‍ പ്രധാന റോളില്‍ ബിജെപിയെ മാത്രമേ കാണാന്‍ കഴിയൂ എന്നും സോറന്‍ വിമര്‍ശിച്ചു.

ബിജെപി രാഷ്ട്രീയ നാടകങ്ങളെ കുറിച്ച് നന്നായി അറിയാമെന്നും ഇത്തരം രീതി ജാര്‍ഖണ്ഡില്‍ പരീക്ഷിക്കാന്‍ നോക്കിയാല്‍ മറ്റൊരു രംഗം കാണാമെന്നും സോറന്‍ ബിജെപിയെ താക്കീത് ചെയ്തു. സംസ്ഥാനത്തെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞാന്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പൂര്‍ണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ പിന്തുണയിലുള്ള സഖ്യ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവാണ് ഹേമന്ത് സോറന്‍. കോണ്‍ഗ്രസും ആര്‍ജെഡിയും ജെഎംഎമ്മും ചേര്‍ന്ന സംഖ്യ സര്‍ക്കാറാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹേമന്ദ് സോറന്റെ ജെ.എം.എമ്മിന് 29, കോണ്‍ഗ്രസ് 15, ആര്‍ജെഡി,എന്‍സിപി, സിപിഐ (എം.എല്‍) എന്നിവര്‍ക്ക് ഓരോവീതം എംഎല്‍എമാരുണ്ട്. ബിജെപിക്ക് 26 അംഗങ്ങളുടെ പിന്തുണയാണുള്ളത്.