ജെല്ലിക്കെട്ട് കാള ചത്തു; ലോക്ക്ഡൗണ്‍ ലംഘിച്ച് വിലാപയാത്രയൊരുക്കി നാട്ടുകാര്‍

മധുര: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് വിലാപയാത്രയൊരുക്കി നാട്ടുകാര്‍. കാളക്ക് അന്ത്യമോപചാരം അര്‍പ്പിച്ചുള്ള വിലാപയാത്രയില്‍ ആയിരകണക്കിന് പേരാണ് പങ്കെടുത്തത്. പരമ്പരാഗത തമിഴ്‌നാട് രീതിയില്‍ എല്ലാ ആഘോഷങ്ങളും നടത്തിയാണ് മൂളി എന്ന കാളയെ നാട്ടുകാര്‍ യാത്രയാക്കിയത്. മധുരയിലാണ് സംഭവം.

ജെല്ലിക്കെട്ടിന് ഏറെ പ്രശസ്തമായ മധുരയിലെ മുധുവര്‍പ്പെട്ടി എന്ന സ്ഥലത്താണ് സംഭവം നടന്നത്. നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളില്‍ വിജയങ്ങള്‍ നേടിയിട്ടുള്ള കാളയാണ് മൂളി. പ്രദേശത്തെ സെല്ലായി അമ്മന്‍ ക്ഷേത്രത്തിന്റെ കാളയാണ് ചത്തത്. ബുധനാഴ്ച മൂളി ചത്തത്. എന്നാല്‍ കോവിഡ് റെഡ് സോണ്‍ കൂടിയായ മധുരയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ആളുകള്‍ ഒത്തുകൂടുകയായിരുന്നു. ക്ഷേത്രത്തിന് പുറത്ത് മൂളിയുടെ ശവശരീരം അലങ്കരിച്ച് പൊതുദര്‍ശനത്തിനും വച്ചു.

സംഭവത്തില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയതിന് ആളുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 3000 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് മധുര ജില്ലാ കളക്ടര്‍ ടി ജി വിനയ് പറഞ്ഞു.

SHARE