ജെഡിയുവിലെ ഭിന്നത പുറത്ത്; നിതീഷിന് മറുപടി നല്‍കി പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: ജെഡിയുവിലെ ഭിന്നത രൂക്ഷമെന്ന് തെളിയിക്കുന്ന ജെഡിയു നേതാവ് പ്രശാന്ത് കിഷോറിന്റെ പ്രസ്താവനകള്‍ പുറത്ത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍ രംഗത്തെത്തുകയായിരുന്നു. തനിക്ക് അംഗത്വം നല്‍കിയത് അമിത്ഷായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നുള്ള നിതീഷിന്റെ വാക്കുകള്‍ക്കായിരുന്നു പ്രശാന്ത് കിഷോറിന്റെ മറുപടി. നേരത്തെ, പൗരത്വ നിയമത്തിനെതിരെ അമിത്ഷായെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു.

എന്റെ നിറം നിങ്ങളുടേതിന് സമാനമാക്കാനുള്ള വൃഥാ ശ്രമം എന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഇങ്ങനെ സത്യം വിളിച്ചുപറഞ്ഞാല്‍ ആരാണ് നിങ്ങള്‍ക്ക് അമിത് ഷായെപ്പോലെ ഒരാള്‍ നിര്‍ദ്ദേശിക്കുന്ന ആളെ കേള്‍ക്കാതിരിക്കാനുള്ള ധൈര്യമുണ്ടെന്ന് വിശ്വസിക്കുക എന്നും പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. ട്വീറ്ററിലൂടെയാണ് പ്രശാന്തിന്റെ പ്രതികരണം.

പാര്‍ട്ടിയില്‍ തുടരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ അടിസ്ഥാന ഘടന മാനിക്കണം. പ്രശാന്ത് കിഷോര്‍ എങ്ങനെയണ് ജെഡിയുവില്‍ അംഗമായതെന്ന് അറിയാമോ ? അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അംഗത്വം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് അമിത് ഷായാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. ഇരുവരും നേരത്തേയും അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും പരസ്യമായി വാക്‌പോര് ഇതാദ്യമായാണ്.