യെദ്യൂരപ്പയെ പുറത്ത് നിന്നും പിന്തുണക്കണമെന്ന് കുമാരസ്വാമിയോട് ഒരു വിഭാഗം ജെ.ഡി.എസ് എം.എല്‍.എമാര്‍

എച്ച്.ഡി കുമാര സ്വാമിയെ വീഴ്ത്തി അധികാരത്തിലെത്തിയ ബി.എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന് പുറമെനിന്ന് പിന്തുണ നല്‍കണമെന്ന വാദവുമായി കര്‍ണാടകയില്‍ ഒരു വിഭാഗം ജെ.ഡി.എസ് എം.എല്‍.എമാര്‍. അധികാരം നഷ്ടമായി നാലു ദിവസം പിന്നിടുമ്പോഴേക്കും കുമാരസ്വാമി സര്‍ക്കാറിനെ മറിച്ചിട്ട യെദിയൂരപ്പക്ക് പുറത്ത് നിന്നും പിന്തുണക്കണമെന്ന ആവശ്യം ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടാക്കുന്നതാണ്.

ബി.ജെ.പിക്ക് പിന്തുണ നല്‍കാന്‍ ഒരു വിഭാഗം എം.എല്‍.എമാര്‍ കുമാരസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുന്‍ മന്ത്രി ജി.ടി ദേവഗൗഡ തന്നെയാണ് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി കുമാരസ്വാമിയെ നിയോഗിച്ചതായി മുന്‍മന്ത്രി ജി.ടി ദേവഗൗഡ അറിയിച്ചു.
കര്‍ണാടകയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ജെഡിഎസ് യോഗം ചേര്‍ന്നിരുന്നു. കുമാരസ്വാമി വിളിച്ചു ചേര്‍ത്ത ഈ യോഗത്തിലാണ് ബി.ജെ.പി സര്‍ക്കാറിനെ പിന്തുണയ്ക്കാമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. പ്രതിപക്ഷത്തിരിക്കണമെന്നും ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ കാലത്തുണ്ടായ കടുത്ത അനുഭവത്തിന്റെ വെളിച്ചത്തില്‍ ജെ.ഡി.എസുമായി യാതൊരു സഖ്യത്തിനുമില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സഭയില്‍ ഭൂരിപക്ഷം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ബി.ജെ.പി ജെ.ഡി.എസ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചാല്‍ അത് സ്വീകരിക്കുമെന്നാണ് വിവരം. അതേ സമയം ബി.ജെ.പിയെ ശക്തമായി നേരിടുമെന്നും ഒരു തരത്തിലും യെദിയൂരപ്പ സര്‍ക്കാറിനെ പിന്തുണക്കില്ലെന്നും ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ വ്യക്തമാക്കി. എം.എല്‍.എമാര്‍ക്കിടയില്‍ ഭിന്നതയില്ലെന്നും കോണ്‍ഗ്രസിനൊപ്പം ഒരുമിച്ച് നിന്ന് ബി.ജെ.പി സര്‍ക്കാറിനെ നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

SHARE